കോട്ടയം: കടൽദുരന്തത്തിൽനിന്നു രക്ഷപ്പെട്ട തൊള്ളായിരം മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ മലയാളി വൈദികന്റെ നിസ്വാർഥ ശുശ്രൂഷ. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ദേവഘട്ട് തീരമേഖലയിൽ നങ്കൂമിട്ട 65 ബോട്ടുകളിലെ തൊള്ളായിരത്തോളം പേർക്കാണ് പാലാ സ്വദേശിയായ മിഷനറി ഫാ. ജോർജ് കാവുകാട്ട് ആശ്വസമൊരുക്കുന്നത്.
കടൽക്ഷോഭത്തിനു മുന്പു കടലിലേക്കു പോയ കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണു സുരക്ഷിതമായ താവളം തേടി ശനിയാഴ്ച രാത്രി ദേവഘട്ട് തീരത്ത് എത്തിയത്. 52 മലയാളികളാണ് സംഘത്തിലുള്ളത്. മറ്റുള്ളവരും മലയാളം സംസാരിക്കുന്നവരാണ്.
സർക്കാർ വയർലെസ് സംവിധാനത്തിലൂടെ വടക്കൻ മേഖലയിലെ സുരക്ഷിത തീരത്തേക്കു ബോട്ടുകൾ ഓടിച്ചുമാറ്റി രക്ഷപ്പെടാൻ അറിയിപ്പുണ്ടായ സാഹചര്യത്തിലാണു ഇവർ ബോട്ടുകളുമായി മഹാരാഷ്ട്ര തീരത്ത് എത്തിയത്. ഭാഷ പ്രശ്നമായതോടെയാണ് അവിടത്തെ ജില്ലാ ഭരണകൂടവും കോസ്റ്റ് ഗാർഡും ഫാ. ജോർജ് കാവുകാട്ടിനെ വിളിച്ചുവരുത്തിയത്. 30 വർഷമായി മഹാരാഷ്ട്രയിലെ പിന്നോക്ക ഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
ഏതാനും മലയാളികൾക്കൊപ്പം ഫാ. ജോർജ് ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികൾക്കു മുന്നിൽ എത്തി. കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ചികിത്സയും ഭക്ഷണവും സർക്കാർ കേന്ദ്രങ്ങളിൽനിന്ന് എത്തിച്ചു. മുഴുവൻ പേരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ സംഭരിച്ചിരുന്ന മത്സ്യങ്ങൾ നിസാരവിലയ്ക്ക് ഇന്നലെത്തന്നെ വിറ്റുതീർത്താണു ഡീസൽ വാങ്ങിയത്.
അഞ്ചു കിലോഗ്രാം വീതം അരിയും പച്ചക്കറിയും ഓരോ തൊഴിലാളിക്കും എത്തിച്ചു നല്കിയിട്ടുണ്ട്. തീരത്തു നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളിൽ തന്നെയാണു തൊഴിലാളികളുടെ താമസവും ഭക്ഷണം തയാറാക്കലും. ഫാ. കാവുകാട്ടും ബോട്ടിൽ ഇവരോടൊപ്പം താമസിക്കുകയാണ്.
കടൽ ശാന്തമായതിനുശേഷം മൂന്നു ദിവസങ്ങൾകൂടി കഴിഞ്ഞേ ഇവരെ നാട്ടിലേക്കു തിരികെ അയയ്ക്കാൻ കോസ്റ്റ് ഗാർഡ് അനുവദിക്കൂ. തിരികെ മടങ്ങാൻ പണവും ഡീസലും ഇല്ലെന്ന ബുദ്ധിമുട്ട് അവർ നേരിടുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നു ഫാ. ജോർജ് കാവുകാട്ട് ദീപികയോടു പറഞ്ഞു.