ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ ദുരിതബാധിതർക്കു വിതരണം ചെയ്യാനായി കേന്ദ്രസർക്കാaർ അനുവദിച്ച ഫണ്ട് ദുർവിനിയോഗം ചെയ്തതിനു പുറമേ സംസ്ഥാനസർക്കാർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു സ്വരൂപിച്ച 11 കോടി രൂപയിൽ 3.85 കോടി വിതരണം ചെയ്തില്ലെന്നു വിവരാവകാശ രേഖ.
അഞ്ചു ലക്ഷം രൂപ വീതം 220 കുടുംബങ്ങൾക്കു വിതരണം ചെയ്യുമെന്നാണു പറഞ്ഞിരുന്നെങ്കിലും 143 കുടുംബങ്ങൾക്കു മാത്രമാണ് ഇതുവരെ തുക കൈമാറിയത്. തിരുവനന്തപുരത്തു 142 ഉം കാസർഗോഡ് ഒന്നും. ബാക്കി 77 കുടുംബങ്ങൾക്കു വിതരണം ചെയ്യേണ്ട 3.85 കോടി രൂപ ക്ഷേമനിധി ബോർഡിലുണ്ടെങ്കിലും ഇതു വിതരണം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
കേന്ദ്രസർക്കാർ നൽകിയ തുക പൂർണമായും വിനിയോഗിക്കാതെ ലാപ്സാക്കിയതായി നേരത്തെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഓഖിദുരന്തത്തെ നേരിടാൻ കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും വ്യക്തികളും ചേർന്നു സംസ്ഥാന സർക്കാരിനു നൽകിയതു 241 കോടി രൂപയായിരുന്നു.
ഇതിൽ സർക്കാർ ചെലവഴിച്ചതു വെറും 39 കോടി രൂപ മാത്രം.ഓഖി ദുരന്തബാധിതരെ സഹായിക്കാൻ ഫണ്ടില്ലെന്ന സർക്കാർ വാദത്തെ തള്ളുന്നതാണു പുറത്തു വരുന്ന വിവരങ്ങൾ. ഓഖി ദുരന്തത്തിനു പിന്നാലെ കേരളം നേരിട്ട മഹാപ്രളയത്തിന് ഇരയായവർക്കു പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും എല്ലാവരിലും എത്തിക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല.