തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടു സംസ്ഥാനത്തുനിന്നു കാണാതായതു 91 പേരെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിൽ 52 പേർ മരിച്ചു. 102 പേരെ കാണാതായെന്ന് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഇവരിൽ ആറു പേർ കന്യാകുമാരി ജില്ലക്കാരാണ്. ഇവരുടെ എഫ്ഐആർ പോലിസ് തമിഴ്നാടിനു കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ആറു പേരിൽ മൂന്നു പേർ ഓഖി ദുരന്തത്തിന് മൂന്നു മാസം മുമ്പേ കാണാതായവരാണ്. മറ്റു മൂന്നുപേർ മൂന്നു വർഷം മുമ്പു കാണാതായവരാണ്. കാണാതായ 91 പേർക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യസമ്പത്തിൽ കുറവു വന്നിട്ടുണ്ട്. 52 ഇനം മത്സ്യങ്ങളെ മാത്രമേ പിടിക്കാവൂ എന്നാണു നിയമം. എന്നാൽ വൻ ട്രോളറുകൾ ചെറു മത്സ്യങ്ങളെ പിടിക്കുന്നുണ്ട്. ഓഖി ദുരന്തത്തിൽ അപകടത്തിൽപ്പെട്ടതിൽ ബോട്ടുകൾ മിക്കതും 50 കിലോ മീറ്റർ മുതൽ 70 കിലോ മീറ്റർ വരെ കടലിൽ പോയവരാണ്.
33 കിലോ മീറ്റർ മാത്രമെ കടലിൽ പോകാവൂ എന്ന നിബന്ധനയുള്ളപ്പോഴാണിത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ചെറുവള്ളങ്ങൾ പോലും പരിധി ലംഘിച്ചു പോകുന്നു. കപ്പൽച്ചാലുകളിൽ വരെ പോകുന്ന ബോട്ടുകളുണ്ട്. ഇതാണു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.
ഇതടക്കം പരിഗണിച്ചാണു സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുക. ഓഖിക്കു മുന്പു തന്നെ സുരക്ഷാ ക്രമീകരണങ്ങൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും തൊഴിലാളികൾ അതനുസരിച്ചിരുന്നില്ല എന്നതാണു വസ്തുത. സുരക്ഷയുടെ ഭാഗമായി 15000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
സംസ്ഥാനത്ത് ജനുവരിയിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്ക് 8.63 ലക്ഷം രൂപ പിഴയിട്ടു. ഈ ബോട്ടുകൾ പിടിച്ചുകൊണ്ടുവന്ന മത്സ്യം ലേലം ചെയ്ത ഇനത്തിൽ 9.15 ലക്ഷം രൂപ ഖജനാവിലേക്ക് അടയ്ക്കുകയും ചെയ്തു.
12 നോട്ടിക്കൽ മൈൽ മറികടന്നുള്ള മത്സ്യബന്ധനം, നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കൽ എന്നിവയടക്കം ഇതിൽപ്പെടുന്നുണ്ട്. ചെറു മത്സ്യങ്ങളെ പിടിച്ച് അന്യസംസ്ഥാനങ്ങളിലെ വളം ഫാക്ടറികളിലേക്ക് എത്തിക്കുന്ന വൻ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെ ന്നും മന്ത്രി പറഞ്ഞു.