വിഴിഞ്ഞം: കടലിന്റെ കനിവു തേടിപ്പോയി തിരിച്ചുവരാത്ത പിതാവിനെയും ബന്ധുക്കളെയും കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയ ജോൺ പോളിനെ രാഹുൽ ഗാന്ധി കെട്ടിപ്പുണർന്ന് ആശ്വസിപ്പിച്ചു.
പരാതികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന ഉറപ്പും നൽകി. തമിഴ്നാട് ചിന്നത്തുറയിൽനിന്ന് ഇരുപതംഗ സംഘത്തോടൊപ്പം വള്ളത്തിൽ പോയി കാണാതായ സേവ്യർ ജോസഫിന്റെ മൂത്ത മകനാണ് ജോൺ പോൾ. വീശിയടിച്ച കാറ്റിൽ പിതാവിനൊപ്പം അടുത്ത ബന്ധുക്കളായ ശബരിയാർ (52), ക്രിസ്റ്റഡിമ (45), ഷാജി (40) എന്നിവരെയും ഇവർക്കു നഷ്ടമായി.
മത്സ്യ ബന്ധനത്തിനായി കഴിഞ്ഞ മാസം ഇരുപതിനാണ് സേവ്യറും ബന്ധുക്കളും വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ടത്. 30ന് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരുന്നതിനിടയിൽ ഉണ്ടായ ദുരന്തത്തിനുശേഷം ഇവരെക്കുറിച്ചു യാതൊരു വിവരവും ഇല്ല. ഹിന്ദി അറിയാവുന്ന ജോൺ പോളിന്റെ അന്വേഷണം ഗുജറാത്ത്, മഹാരാഷ്ട്ര, മംഗലാപുരം എന്നിവിടങ്ങളിലേക്കും നീണ്ടു. എന്നിട്ടും നിരാശയായിരുന്നു ഫലം .
ഒമാനിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായിരുന്ന ജോൺ പോൾ മൂന്ന് മാസം മുൻപ് നാട്ടിലെത്തി. ജീവിക്കാനായി ഓട്ടോ ഡ്രൈവറായി. നിരാശയുടെ വക്കിലായ കുടുംബം സഹായമഭ്യർഥിച്ചാണ് രാഹുൽ ഗാന്ധിയെ സമീപിച്ചത്. ഏറെ നേരം പരാതികൾ കേട്ടുനിന്ന രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു ആശ്വാസവാക്കുകൾ ചൊരിഞ്ഞാണ് മടങ്ങിയത്.