കോട്ടയം: ഓഖി ദുരന്തത്തിൽപ്പെട്ട് ഒഴുകി വരുന്ന മൃതദേഹങ്ങൾ കാത്തിരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. തങ്ങൾക്കു കിട്ടിയ ചുഴലിക്കാറ്റ് മുന്നറിയിപ്പ് യഥാ സമയം മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ കഴിയാതിരുന്ന മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ന്യൂനപക്ഷ വകുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ദിനത്തിൽ കോട്ടയത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കെപിസിസി ന്യൂനപക്ഷ വകുപ്പ് ജില്ലാ ചെയർമാൻ സാബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ജോർജ് തോമസ്, കോ-ഓർഡിനേറ്റർ പി ജെ. ജേക്കബ് പാംപ്ലാനി, എസ് രാജീവ്, ടി.സി റോയി, അജിത്ത് മാത്യു, സി.എച്ച് മീരാണ്ണൻ, സക്കീർ ചങ്ങംപള്ളി, ഹെന്റി ജോണ്, കെ.ബി രാജൻ, എ.ജെ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.