എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: പ്രതീക്ഷകളുടെ തീരത്ത് ഉറ്റവരെ കാത്തുനിന്നവരുടെ മുന്നിലേക്ക് അവരുടെ മൃതശരീരവുമായാണ് തെരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ ആദ്യ ബോട്ടടുത്തത്. ഇനി വരാൻ പോകുന്നതെല്ലാം ഉറ്റവരുടെ മൃതശരീരങ്ങൾ കയറ്റിയ യാനങ്ങളാണെന്ന അഭ്യൂഹം കേട്ടതോടെ കടലിനൊപ്പം അവരുടെ കണ്ണുകളുളിലും ദുരന്തത്തിന്റെ തിരയടിച്ചു.
പക്ഷേ അപ്രതീക്ഷിതമായി കടൽ കടന്നു വന്ന തീരസംരക്ഷണ സേനയുടെ കപ്പൽ കൊണ്ടുവന്നത് തങ്ങളുടെ ജീവനുള്ള സ്വപ്നങ്ങളാണെന്ന് അറിഞ്ഞതോടെ ദുഖത്തിനിടയിലും അവരുടെ മുഖങ്ങളിൽ ആശ്വാസത്തിന്റെ കാറ്റു വീശി. രക്ഷപ്പെട്ടുത്തിയ പതിനെട്ടു പേരുമായാണ് കപ്പൽ എത്തിയത്. ഏറെ അവശരായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ അധികാര പരിധിയുള്ളവിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റിന്റെ കണക്കിൽ കാണാനില്ലാത്തത് 270 പേരെ ആണെങ്കിലും 115 ഓളം തൊഴിലാളികൾ മാത്രമാണ് ഇതുവരെ രക്ഷപ്പെട്ട് കരയിൽഎത്തിയതായി അറിവുള്ളത്.
നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും ഡോണിയർ വിമാനവും ഹെലികോപ്റ്ററും ഉൾക്കടൽ അരിച്ച് പെറുക്കുന്നുണ്ടെങ്കിലും ഇനിയും കണ്ടെത്താനുള്ളവരെക്കുറിച്ച് യാതൊരറിവുമില്ലെന്നുള്ള അധികൃതരുടെ വാക്കുകൾ ആശങ്കയും തീരവാസികളുടെ നെഞ്ചിടിപ്പും വർധിപ്പിക്കുന്നു. കാണാതായ എല്ലാവരെയും രക്ഷിച്ചെന്നും കടലിൽ അലഞ്ഞ അറുപതുപേരുമായി ജപ്പാൻ കപ്പൽ വിഴിഞ്ഞം തീരത്തണയുമെന്ന് വാർത്തയും കേട്ട് ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ ദിവസം കാത്തിരുന്നവർ കബളിപ്പിക്കപ്പെട്ടതോടെ അന്വേഷണ ഏജൻസികളിലും വിശ്വാസമില്ലാതായി.
കാണാതായവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനുമായി ഇന്ന് 25 വള്ളങ്ങളിൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങും. ഇതിനിടയിൽ അടിമലത്തുറയിൽ നിന്നു കടലിൽ പോയ നാലു പേരെ കാൺമാനില്ലെന്ന പരാതി ഇന്നലെയും മറൈൻ എൻഫോഴ്സ്മെന്റിനു ലഭിച്ചു.