യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിൽ അടുത്തവർഷം മുതൽ സന്ദർശകർക്ക് പ്രവേശനമില്ല. ഷിന്റോ ദേവാലയങ്ങൾ സ്ഥിതിചെയ്യുന്ന ദ്വീപിന്റെ സംരക്ഷണത്തിനാണ് പുറത്തുനിന്നുള്ള സന്ദർശകരെ ഒഴിവാക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സ്ത്രീകൾക്ക് പ്രവേശനവിലക്കുള്ള ഒക്കിനോഷിമ ദ്വീപിനെ യുനെസ്കോ പൈതൃകഭൂമിയായി അംഗീകരിച്ചത്.
തെക്കുപടിഞ്ഞാൻ ദ്വീപായ ക്യുഷുവിനും കൊറിയൻ പെനിൻസുലയ്ക്കും മധ്യത്തിൽ 700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒക്കിനോഷിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഷിന്റോ സന്യാസസമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള ദ്വീപ് വ്യത്യസ്തമായ ആചാരങ്ങളുടെ പേരിലാണ് ലോകപ്രശസ്തി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേർക്കു മാത്രമാണ് ദ്വീപിൽ കാലുകുത്താൻ അനുവാദം ലഭിച്ചത്. കടലിൽ പൂർണനഗ്നനായി കുളിച്ച് ദേഹശുദ്ധി വരുത്തിയാൽ മാത്രമേ ദ്വീപിൽ പ്രവേശിപ്പിക്കൂ. പുറത്തുനിന്നുള്ള സാമഗ്രികൾക്കും വിലക്കുണ്ട്. വർഷത്തിൽ മുഴുവൻ സമയവും ദ്വീപ് ദേവതയെ ധ്യാനിച്ചു കഴിയുന്ന സന്യാസികൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതത്രേ.
ആരോഗ്യത്തിന്റെ കാര്യത്തിൽ പുരുഷന്മാരേക്കാൾ പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് അപകടം നിറഞ്ഞ കടൽയാത്രയും ദ്വീപ് വാസവും അനുയോജ്യമല്ലാത്തതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നാണ് ദ്വീപ് വാസികൾ പറയുന്നത്.