ഓൺലൈനിൽ ബുക്ക് ചെയ്ത യാത്ര റദ്ദാക്കി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ഒല ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തുക്കളായ രണ്ട് യുവതികൾക്കായി രണ്ട് ഓട്ടോകൾ ബുക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ബുക്ക് ചെയ്ത ഓട്ടോകളിലൊന്ന് ആദ്യം എത്തിയപ്പോൾ രണ്ട് യുവതികളും ആ ഓട്ടോയിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രണ്ടാമത് ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കി.
ബംഗളൂരുവിൽ പലപ്പോഴും ബുക്ക് ചെയ്ത ഓട്ടോറിക്ഷകൾ പോലും വരാൻ വളരെ വൈകുന്നതും അധിക പണം ഈടാക്കുന്നതും പതിവാണ്. അതുകൊണ്ട് തങ്ങൾക്ക് സമയ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമെത്തിയ ഓട്ടോയിൽ പോകാൻ തീരുമാനിച്ചതെന്നാണ് യുവതികൾ പറയുന്നത്.
രണ്ടാമത്തെ ഓട്ടോ റദ്ദാക്കിയത് എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാൻ വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു. പ്രകോപിതനായ ഓട്ടോ ഡ്രൈവർ യുവതികള്‍ കയറിയ ഓട്ടോ തടഞ്ഞ് അസഭ്യം പറഞ്ഞ് മർദിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഇയാള്‍ ഫോണ്‍ പിടിച്ച് വാങ്ങാനും ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.