ബംഗളൂരു: ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണക്കമ്പനിയായ ഓല ഒരു പുതിയ ജീവനക്കാരനെ നിയമിച്ചു. ബിജ്ലി എന്ന് പേരുള്ള നായയെയാണ് പുതിയ ജീവനക്കാരനായി ബംഗളൂരുവിൽ നിയമനം നൽകിയിരിക്കുന്നത്. കാവൽ ആണു ജോലി.
കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ ആണ് പുതിയ അംഗത്തെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഒപ്പം ബിജ്ലിയുടെ ഐഡി കാർഡും പങ്കുവെച്ചിട്ടുണ്ട്.
ആകർഷകമായ നീളൻ ചെവികളോട് കൂടി വെള്ളയും തവിട്ടുനിറവും കലർന്നതാണ് ബിജ്ലിയുടെ രൂപം. ചിത്രവും പേരും ഉൾപ്പെടുത്തിയ ഐഡികാർഡാണ് ബിജ്ലിയ്ക്ക് നൽകിയിരിക്കുന്നത്.
440 V എന്നതാണ് ഐഡി കാർഡ് നമ്പര്‍ . രക്തഗ്രൂപ്പ് “PAW +ve” ആണ്. അടിയന്തരമായി ബന്ധപ്പെടാൻ ഓഫീസ് വിവരങ്ങൾ നൽകിയിട്ടുണ്ട്.
കോറമംഗല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് നായ ജോലി ചെയ്യുന്നുന്നതെന്ന് ഐഡി കാർഡിൽ വ്യക്തമാണ്. നായകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഭവിഷ് അഗർവാൾ.
ഓഫീസിലെ സോഫയിൽ നായകൾക്കൊപ്പം ഉറങ്ങുന്ന ഭവീഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.