തൃശൂർ: ഒളകര ആദിവാസി ഭൂമി പ്രശ്നത്തിൽ വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി അനുവദിക്കുന്നതിന് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെ.രാജൻ എംഎൽഎ അറിയിച്ചു. തൃശൂർ കളക്ടറേറ്റിൽ ജില്ല കളക്ടറുടെ സാന്നിധ്യത്തിൽ ഒളകര ആദിവാസി കോളനിയിലെ ആദിവാസി മൂപ്പൻമാർ, വനംവകുപ്പ്് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കെ.രാജൻ എംഎൽഎ ഇക്കാര്യം അറിയിച്ചത്.
പീച്ചി ഫോറസ്റ്റ് ഡിവിഷനു കീഴിലെ ആദിവാസികോളനിയായ ഒളകരയിൽ താമസിക്കുന്ന മലയര ആദിവാസികൾ വനമേഖലയിൽ അനധികൃതമായി ആട്ടിൻകൂടുകൾ കെട്ടിയെന്നാരോപിച്ച് വനംവകുപ്പ് കൂടുകൾ പൊളിച്ചിരുന്നു. ആദിവാസികൾക്ക് നോട്ടീസ് നൽകിയ ശേഷമാണ് കൂടുകൾ പൊളിച്ചതെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. കൂടുകൾ പൊളിക്കുന്നത് ആദിവാസികൾ എതിർക്കുകയും വനംവകുപ്പിന്റെ വാഹനം തടയുകയും ആദിവസികൾക്കെതിരെ വനംവകുപ്പ് കേസെടുത്ത് ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
അറസ്റ്റു ചെയ്തയാളെ വിട്ടയക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എംഎഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ അറസ്റ്റിലായ ആളെ കേസെടുത്ത് വിട്ടയച്ചിരുന്നു.
ഇതെത്തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ആദിവാസികളേയും വനംവകുപ്പ് അധികൃതരേയും ഒരുമിച്ചിരുത്തി എംഎൽഎയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്.
സുപ്രീം കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലം കൂടി പരിഗണിച്ചായിരിക്കും ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്ന നടപടികളിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് കെ.രാജൻ എംഎൽഎ പറഞ്ഞു. ആദിവസികളോടും വനംവകുപ്പിനോടും പരസ്പരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് കളക്ടറും എംഎൽഎയും ഉൾപ്പെട്ട സമിതി മുഖാന്തിരം തീർക്കുകയാണ് വേണ്ടതെന്നും അല്ലാതെ നേരിട്ട് തീർക്കരുതെന്നും യോഗത്തിൽ നിർദ്ദേശം നൽകിയതായി കെ.രാജൻ അറിയിച്ചു.