വൈക്കം: വീട് മേയുന്നതിനും വേലി കെട്ടി സംരക്ഷിക്കുന്നതിനുമൊക്കെ കേരളത്തിൽ സാർവത്രികമായി ഉപയോഗിച്ചിരുന്ന തെങ്ങോലയ്ക്ക് വീണ്ടും ആവശ്യക്കാരേറുന്നു. നാടിന്റെ പഴമയും പാരന്പര്യവും കലർപ്പില്ലാത്ത സ്വാഭാവിക ജനജീവിതവും കാണാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന വിദേശികൾക്ക് ആഡംബര ഭവനങ്ങളിൽ താമസിക്കുന്നതിനേക്കാളേറെ ഇഷ്ടം സാധാരണ ഹോം സ്റ്റേകളിലും വീടുകളിലുമൊക്കെയാണെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു.
വിനോദ സഞ്ചാര മേഖലയിലെ കോർപറേറ്റ് ഗ്രൂപ്പുകളടക്കം സഞ്ചാരികൾക്ക് ആതിഥ്യമരുളാനും അവർക്ക് സമ്മർദ്ദങ്ങളില്ലാതെ ഉറങ്ങാനുമൊക്കെ ഓല മേഞ്ഞ ഭവനങ്ങളും വിശ്രമകേന്ദ്രങ്ങളുമൊരുക്കുന്നത് വർധിച്ചു വരികയാണ്.
കോവളമടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കോട്ടേജ് തീർക്കാനും നിലവിലുള്ള കോട്ടേജുകളിലെ ജീർണിച്ച ഓലമാറ്റി മേയാനും റിസോർട്ടുകൾക്ക് മാത്രം ലക്ഷക്കണക്കിനു മെടഞ്ഞ തെങ്ങോലയാണ് വേണ്ടത്.
ഉത്തരവാദിത്ത ടൂറിസം മിഷനോട് കോവളത്തെ വൻകിട റിസോർട്ട് ഒരു ലക്ഷം മെടഞ്ഞ തെങ്ങോല ആവശ്യപ്പെട്ടിട്ട് തങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും കുറച്ചു മാത്രമാണ് സംഭരിക്കാനായതെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ.രൂപേഷ് കുമാർ പറയുന്നു.
തെങ്ങോല ഉപയോഗിക്കാൻ ആവശ്യക്കാരില്ലാതെ വന്നതോടെ നാട്ടിൽ പുറത്തെ ഓലമെടയലെന്ന തൊഴിൽ തന്നെ ഏറെക്കുറെ ഓർമച്ചിത്രമായി. പ്ലാസ്റ്റിക് ഷീറ്റിന്റേയും മെറ്റൽഷീറ്റിന്റേയുമൊക്കെ ആവിർഭാവത്തോടെ ഉപയോഗശൂന്യമായ തെങ്ങോല അവികസിതമായ ചില ഉൾപ്രദേശങ്ങളിൽ സാധാരണക്കാർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
വൈക്കത്തിനു സമീപത്തെ മുണ്ടാറിൽ വയോധികടക്കം ചില വീട്ടമ്മമാർ ഓല മെടയുന്നുണ്ട്. കരിയാറിലൂടെ മുണ്ടാറിന്റെ പ്രശാന്തതയും പക്ഷികളുടെ കളകൂജനവും ഗ്രാമീണ ജീവിതത്തിന്റെ ഉൾതുടിപ്പും ഒപ്പിയെടുക്കാൻ എത്തുന്ന വിദേശികൾക്ക് ഓലമെടയൽ ഒരു സാഹസപ്പെട്ട പണിയാണെന്ന കൗതുകമാണുള്ളത്. അവരിൽ ചിലർ ഓലമെടയുന്ന സ്ത്രീകൾക്കൊപ്പം കയറി ഇരുന്നു ആഹ്ലാദത്തോടെ ഓല മെടയാറുമുണ്ട്.