കാട്ടാക്കട : നെയ്യാറിലെ മണൽമാഫിയകൾക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തിയ ഓലത്താന്നി ഡാളി കടവിൽ ഡാളിക്ക് താങ്ങായി ജില്ലാ പഞ്ചായത്ത്.
കാട്ടാക്കടയിലുള്ള പരിചയക്കാരിയുടെ വീട്ടിൽ ഭക്ഷണമില്ലാതെ അവശനിലയിൽ കണ്ടെത്തിയ ഡാളിയെ ജില്ലാപഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ അഗതിമന്ദിരത്തിലേക്കു മാറ്റി.
നെയ്യാറിലെ മണൽ ഖനനത്തിന് എതിരെ ഒറ്റയാൾ സമരപോരാട്ടത്തിലൂടെ നെയ്യാറിന്റെ സംരക്ഷണത്തിനും തന്റെ ജീവനും സ്വത്തിനും സംരക്ഷണത്തിനും വേണ്ടി പ്രായം മറന്നു പോരാടിയ ഓലതാന്നി സ്വദേശിനി ഡാളിയുടെ ദയനീയ സ്ഥിതി അറിഞ്ഞാണ് പാറശാല ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.ആർ. സനൂജ ഡാളി താമസിച്ചിരുന്ന പുല്ലുവിളാകത്ത് ചന്ദ്രികയുടെ വീട്ടിൽ എത്തിയത്.
ഡാളി അമ്മൂമ്മയെ കഴിഞ്ഞ അഞ്ച് വർഷമായി പരിചരിച്ചിരുന്ന പരിചയക്കാരിയായ ചന്ദ്രിക അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
ഇവർ കിടപ്പിലായതോടെ ഡാളിയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ ഈ വീട്ടിൽ കഴിഞ്ഞ ഡാളിയുടെ വിവരമറിഞ്ഞ ജില്ലാ പഞ്ചായത്തിന് പരാതി ലഭിച്ചു.
തുടർന്ന് സ്ഥിരംസമിതി അധ്യക്ഷ വി.ആർ.സലൂജ ഡാളി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അണ്ടൂർക്കോണത്തെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ഇവരെ താമസിയാതെ സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റാനുള്ള നടപടികളും ഇതോടൊപ്പം നടത്തുമെന്ന് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സലൂജ പറഞ്ഞു.