രാമവർമപുരം: സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളുടെ സമരം തീർക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ ഇടപെടൽ. അന്തേവാസികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ലീഗൽ സർവീസ് അഥോറിറ്റി പ്രതിനിധികൾ ഒരാഴ്ചയ്ക്കുള്ളിൽ വൃദ്ധസദനം സന്ദർശിക്കും.
അഥോറിറ്റി പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പുനല്‍കിയ സാഹചര്യത്തിൽ ഭക്ഷണം ബഹിഷ്കരിച്ചുള്ള സമരത്തിൽനിന്നും അന്തേവാസികൾ താത്കാലികമായി പിന്മാറി. മോശപ്പെട്ടതും പാതിവെന്തതുമായ ഭക്ഷണമാണ് അഗതിമന്ദിരത്തിലെ പാചകക്കാരി ഉണ്ടാക്കുന്നതെന്നാരോപിച്ചാണ് വ്യാഴാഴ്ച മുതൽ അന്തേവാസികൾ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് സമരം തുടങ്ങിയത്.
അഥോറിറ്റി ജില്ലാ ചെയർമാൻ മുഹമ്മദ് വാസിം, വൃദ്ധസദനം മേധാവി വി.ജി. ജയകുമാർ, അന്തേവാസികളുടെ പ്രതിനിധികളായ സത്യഭാമ, വത്സല, ഉണ്ണി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എസ്. സുലക്ഷണ, ആരോപണവിധേയയായ റീന മോൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയ്ക്കിടെ റീനമോൾ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും അന്തേവാസികളുടെ പ്രതിനിധികൾ തങ്ങളുടെ പരാതിയിൽ ഉറച്ചുനിന്നു. സൂപ്രണ്ടും ഇവർക്കു പിന്തുണ നൽകി. 73 അന്തേവാസികളിൽ ആരോഗ്യാവസ്ഥ മോശമല്ലാത്ത 30ഓളം പേരാണ് സമരം ചെയ്തത്. ബാക്കിയുള്ളവരുടെ പിന്തുണയും ഇവർക്കുണ്ട്.
വൃദ്ധസദനത്തിലെ മോശം ഭക്ഷണത്തെക്കുറിച്ച് അന്തേവാസികൾ പരാതി പറഞ്ഞുതുടങ്ങിയിട്ട് നാളുകളായി. അന്തേവാസികളുടെ പരാതി സ്വയം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് പാചകക്കാരിയെ വിളിപ്പിച്ച് കാര്യം പറയുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ കുക്കിനെതിരെ വകുപ്പിലേക്കു റിപ്പോർട്ടും നല്‍കിയിരുന്നു. അതിലും നടപടിയില്ലാതെ വന്നപ്പോഴാണ് അന്തേവാസികൾ സമരത്തിന് ഇറങ്ങിയത്.