പത്തനംതിട്ട: ഡീസൽ ക്ഷാമത്തെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കി. പത്തനംതിട്ടയിൽ നിന്നുള്ള ദീർഘദൂര, ഓർഡിനറി സർവീസുകൾ നിർത്തിവച്ചത് യാത്രക്കാരെ പെരുവഴിയിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട ഡിപ്പോയിലെ 20 ശതമാനം സർവീസുകൾ റദ്ദാക്കിയിരുന്നു.
ഉച്ചയോടെ ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് 70 ശതമാനം സർവീസുകൾ നിർത്തി. മലയാലപ്പുഴ, ആങ്ങമൂഴി, കൊക്കാത്തോട്, കുളത്തുമൺ ഉൾനാടൻ സർവീസുകളും കൊല്ലം, ചെങ്ങന്നൂർ, മുണ്ടക്കയം ചെയിൻ സർവീസുകളും റദ്ദാക്കിയത് നൂറുകണക്കിനു യാത്രക്കാരെ വലച്ചു.
കൊല്ലം, മുണ്ടക്കയം ചെയിൻ സർവീസുകൾ മുടങ്ങിയത് ജീവനക്കാരെ ഏറെ പത്തനംതിട്ടയിലെത്തേണ്ട സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഏറെ വലച്ചു. ചെങ്ങന്നൂരിലേക്കുളള രണ്ടു സർവീസ് നിർത്തലാക്കിയത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സമയത്ത് എത്തേണ്ടവരെ പെരുവഴിയിലാക്കി.
പത്തനംതിട്ട ഡിപ്പോയിലെ ബസുകൾക്ക് ഡീസൽ നിറയ്ക്കുന്നത് സമീപത്തെ സ്വകാര്യ പമ്പിൽ നിന്നാണ്. 70ലക്ഷം രൂപ കടമായതിനെ തുടർന്ന് കെഎസ്ആർടിസിക്ക് ഡീസൽ കൊടുക്കുന്നത് നിർത്തിവച്ചതാണ് സർവീസുകളെ ബാധിച്ചത്. തുകയുടെ പകുതിയെങ്കിലും കൊടുത്തിരുന്നുവെങ്കിൽ സർവീസുകൾ മുടങ്ങില്ലായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. അടൂർ, തിരുവല്ല ഡിപ്പോകളിലെ പമ്പുകളിൽ ഡീസൽ തീർന്നു.