മറയൂർ: പഴമയുടെ മഹത്വം ഒട്ടും കളയാതെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള കാൽക്കുലേറ്റർ മറയൂർ സഹകരണ ബാങ്കിലെ വേറിട്ട കാഴ്ചയാകുന്നു. 79 വർഷം പഴക്കമുള്ള ഈ യന്ത്രത്തിൽ കൂട്ടുവാനും കുറയ്ക്കുവാനും ഗുണിക്കുവാനും കഴിയും.
ഫാസിറ്റ് കന്പനിയുടെ കാൽക്കുലേറ്ററിൽ 10 കോടി വരെയുള്ള കണക്കുകൾ കൂട്ടുവാനും കുറയ്ക്കുവാനും കഴിയും. ഗുണിത ഫലം അറിയണമെങ്കിൽ ഗുണിതത്തിന്റെ അക്കത്തിന് അനുസരിച്ച് ലിവർ കറക്കേണ്ടിവരും.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് 1935-ലാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. 1940-ലാണ് ഈ കാൽക്കുലേറ്റർ അടക്കമുള്ള ഉപകരണങ്ങൾ ബാങ്കിൽ ഉപയോഗിച്ചുതുടങ്ങിയത്. അന്ന് സ്റ്റോക്കിൽ രേഖപ്പെടുത്തിയ 23 ഇനങ്ങളിൽ തിരുവിതാംകൂർ രാജവംശത്തിന്റെ ശംഖുമുദ്രയുള്ള ഓഡിറ്റ് സർട്ടിഫിക്കറ്റുകളുമുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി, സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ എന്നിവർ പറഞ്ഞു.
ഉപയോഗശൂന്യമായ കാൽക്കുലേറ്റർ മൂന്നുവർഷം മുന്പ് മറയൂർ മാശിവയൽ സ്നേഹഭവനിൽ ഗോഡ് വിൻ ലോപ്പസാണ് റിപ്പയർചെയ്ത് ഉപയോഗയോഗ്യമാക്കിയത്.