യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പറും അശ്ലീലസൈറ്റില്‍ അപ് ലോഡ് ചെയ്ത യുവാവിനെതിരേ കേസെടുക്കാതെ പോലീസിന്റെ തിരിഞ്ഞുകളി.
പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിച്ചെന്ന് യുവതി പറഞ്ഞു. പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്നാണ് പരാതി.
പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുകയാണ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയപ്പോഴാണ്
യുവതിയും വിദേശത്തുള്ള ഭര്‍ത്താവും സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്.
അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസില്‍ പരാതി നല്കി.
കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്.
ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പോലീസിന് നല്കി.
ഇതിനിടെ, പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു.
ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോള്‍ അവന് അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞു.
തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് അവളുടെ ഭാവിയെ ബാധിക്കുമെന്നും യുവതി വ്യക്തമാക്കി.
മൂന്നുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റം ചെയ്ത പ്രതിയെ രക്ഷിക്കാന്‍ പോലീസ് ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്നാണ് ആക്ഷേപം.