ഇരിട്ടി: ഇരിട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ നിന്നും ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ സംഘങ്ങൾ വഴിയരുകിലും മറ്റുമായി ഉപേക്ഷിക്കുന്നു. പഴയ വസ്ത്രം ശേഖരിക്കാൻ എത്തുന്ന നാടോടി സ്ത്രീകൾ അടങ്ങുന്ന സംഘങ്ങളാണ് തുണികൾ കെട്ടുകളാക്കി വഴിയരുകിൽ ഉപേക്ഷിച്ചു കടന്നുകളയുന്നത്.
ഇതിന് പിന്നിൽ വീടുകളിൽ നിന്നും പഴയ വസ്ത്രങ്ങൾ ശേഖരിച്ച് വില്പന നടത്തുന്ന സംഘം തന്നെ പ്രവർത്തിക്കുന്നതായി സംശയം.ശേഖരിക്കുന്നതിൽ നിന്നും നല്ല വസ്ത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത ശേഷം പഴയ വസ്ത്രങ്ങൾ റോഡരുകിലോ മറ്റെവിടെങ്കിലും ഉപേക്ഷിച്ചു കടന്നുകളയുകയാണ് സംഘത്തിന്റെ പതിവ് .
ഇത്തരത്തിൽ പായം പഞ്ചായത്തിന്റെ പരിധിയിൽ ഇരിട്ടി പഴയ പാലത്തിന് സമീപവും ഇരിട്ടി ഗസ്റ്റ് ഹൗസിന് സമീപവുമാണ് വസ്ത്രങ്ങൾ കെട്ടുകളാക്കി ഉപേക്ഷിച്ചിരിക്കുന്നത്.കേരളത്തിന് അകത്തും പുറത്തുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും അഗതിമന്ദിരങ്ങളുടെ പേരിലാണ് സംഘം വസ്ത്രങ്ങൾ ശേഖരിക്കുന്നത് .
നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് അലക്കി ഇസ്തിരി ഇട്ട് ഭംഗിയാക്കിയ ശേഷം തിരക്കേറിയ ടൗണുകളിലും അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഇടയിലും കുറഞ്ഞ വിലക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത് .
ഇത്തരത്തിൽ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിച്ചു പോകുന്ന കെട്ടുകണക്കിന് മാലിന്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുക എന്നതാണ് പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും മുന്നിലെ പുതിയ വെല്ലുവിളി.