വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ പ്രത്യേകത എന്നാണെങ്കിൽ ഇവരുടെ പ്രായം കേട്ടു നോക്കൂ. വരനു വയസ് 100. വധുവിനു 96. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
ഹാരോൾഡ് ടെറൻസ് ചില്ലറക്കാരനല്ല. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനാണ്. യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഈ യുദ്ധവീരനെ ജൂൺ ആറിന് രാജ്യം ആദരിക്കും. യുദ്ധത്തിന്റെ 80ാം വാർഷികത്തോടനുബന്ധിച്ചാണ് ആദരം. രണ്ടു ദിവസങ്ങൾക്കുശേഷം ഫ്രാൻസിൽ ഇരുവരുടെയും വിവാഹം നടക്കും.
ഇരുപതാം വയസിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയായ ഹാരോൾഡ് രണ്ടുതവണ മരണത്തിന്റെ വക്കുവരെ എത്തിയിരുന്നു. ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു. യുദ്ധത്തിനുശേഷം തെൽമ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇവർക്കു മൂന്നു കുട്ടികളുണ്ടായി. ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്ത ഹാരോൾഡ് വിരമിച്ചശേഷം കുടുംബസമേതം ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കി. 2018ൽ ഭാര്യ മരിച്ചു. അതു ഹാരോൾഡിനു താങ്ങാനാവാത്തതായിരുന്നു.
2021 ലാണ് അദ്ദേഹം വിധവയായ ജീനിനെ കണ്ടുമുട്ടുന്നത്. ആദ്യം കണ്ടപ്പോൾ ഹാരോൾഡിന് ജീനിനെ നോക്കാൻതന്നെ മടിയായിരുന്നുവത്രെ. എന്നാൽ രണ്ടാമത്തെ കണ്ടുമുട്ടലിനുശേഷം ഇരുവരും കടുത്ത പ്രണയത്തിലായി. തങ്ങളുടെ വിവാഹദിനം വന്നെത്താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇരുവരും പറയുന്നു.