ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വിധാതാവ് എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അതു സുകുമാർ സെൻ ഐസിഎസിനെയാണ്. ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന സെൻ ആണ് തെരഞ്ഞെടുപ്പിന്റെ ഘടനയും സംവിധാനവും രൂപപ്പെടുത്തിയത്. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നീളുന്നതായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. ആദ്യ രണ്ടു പൊതു തെരഞ്ഞെടുപ്പുകൾ നയിച്ച സെൻ പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പു സംവിധാനം രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.
നിരക്ഷരതയും അറിവില്ലായ്മയും ഗതാഗത സൗകര്യങ്ങളുടെ കുറവും തെരഞ്ഞെടുപ്പിനു വലിയ വെല്ലുവിളികളായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും വോട്ടവകാശമുള്ളവരാക്കി നടത്തിയ ലോകത്തിലെ ആദ്യ തെരഞ്ഞെടുപ്പുമായിരുന്നു ഇത്. 33 കോടി ജനങ്ങളിൽ 17.6 കോടിക്ക് വോട്ടവകാശം ഉണ്ടായിരുന്നു. 21 വയസായിരുന്നു വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി.
ലോക്സഭയിലേക്കു 489 പേരെ അടക്കം 4500ലേറെ ജനപ്രതിനിധികളെയാണു തെരഞ്ഞെടുക്കാൻ ഉണ്ടായിരുന്നത്. ഇതിനു ജനങ്ങളെ ഒരുക്കാൻതന്നെ ഏറെ ശ്രമം വേണ്ടിയിരുന്നു. റേഡിയോയും ചലച്ചിത്രങ്ങളും ഒക്കെ ഉപയോഗിച്ചു വ്യാപകമായ ബോധവത്കരണം നടന്നു. വോട്ടവകാശത്തെയും വോട്ടറുടെ കടമയെയും പറ്റിയുള്ള ഡോക്യുമെന്ററികൾ രാജ്യത്തെ മൂവായിരത്തിലേറെ സിനിമാശാലകളിൽ പല വട്ടം പ്രദർശിപ്പിച്ചു.
വോട്ടർപട്ടികയിൽ പേരു ചേർപ്പിക്കുന്നതു തന്നെ ശ്രമകരമായിരുന്നു. ഗ്രാമീണ സ്ത്രീകൾ പലരും പേരു നല്കാൻ തയാറായില്ല. രാം ദേവിന്റെ അമ്മ, ഇമ്രാന്റെ ഭാര്യ എന്നൊക്കെയേ അവർ പറയുമായിരുന്നുള്ളൂ. ഇങ്ങനെ പേരു പറയാതിരുന്ന 28 ലക്ഷം പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കേണ്ടി വന്നു. പട്ടികയിലുള്ളവരുടെ പേര് ഓരോ ബൂത്ത് പ്രകാരം തിരിച്ച് ടൈപ്പ് ചെയ്ത് എടുക്കാൻ 16,500 ക്ലർക്കുമാരെ ആറുമാസത്തെ കരാറിൽ നിയമിച്ചു.
തെരഞ്ഞെടുപ്പിനു 35 ലക്ഷം ബാലറ്റ് പെട്ടികൾ വേണ്ടിയിരുന്നു. ഓരോ ബൂത്തിലും ഓരോ സ്ഥാനാർഥിക്കും ഓരോ പെട്ടി ആയിരുന്നു അന്നത്തെ രീതി. പെട്ടിയുടെ പുറത്തു സ്ഥാനാർഥിയുടെ ചിഹ്നം. ചിഹ്നം നോക്കി വോട്ടർ ബാലറ്റ് പേപ്പർ ഇടും. നിരക്ഷരർക്കു വരെ വോട്ട് ചെയ്യാൻ സാധിക്കുന്നതിനുവേണ്ടിയാണു സെൻ ചിഹ്നം ഏർപ്പെടുത്തിയത്. ഈ പെട്ടികൾക്കായി 8200 ടൺ സ്റ്റീൽ ഉപയോഗിച്ചു.
2,24,000 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടായിരുന്നു. 56,000 പ്രിസൈഡിംഗ് ഓഫീസർമാർ ഇവിടങ്ങളിൽ എത്തി തെരഞ്ഞെടുപ്പിനു മേൽനോട്ടം വഹിച്ചു. ഓരോ സ്റ്റേഷനിലും സഹായികളും പോലീസും ഉണ്ടായിരുന്നു. ലണ്ടനിൽ ഗണിത ശാസ്ത്രം പഠിച്ച് മെഡലോടെ പാസായിട്ട് ഐസിഎസി (ഐഎഎസിന്റെ ബ്രിട്ടീഷ് കാല മുൻഗാമി) ൽ ചേർന്ന സുകുമാർ സെൻ (1899-1961) പദ്മഭൂഷൺ നല്കി ആദരിക്കപ്പെട്ടു.