കൊയിലാണ്ടി: ആയുസ്സൊടുങ്ങി ഏത് നിമിഷവും നിലംപൊത്താറായ ജീർണ്ണിച്ച കെട്ടിടങ്ങൾ നഗരജീവിതത്തിന് അപകടഭീഷണിയായി മാറിയിട്ടും അധികൃതർ മൗനത്തിൽ. നൂറുവർഷത്തിലേറെ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണ് കൊയിലാണ്ടി നഗരത്തിലെ ദേശീയ-സംസ്ഥാന പാതകൾക്കരികിലായിനിലകൊള്ളുന്നത്.
ശക്തമായ ഒരു കാറ്റോ മഴയോ മതി ഇവ നിലംപൊത്തി നിരവധി പേരുടെ ജീവനെടുക്കാൻ. പല കെട്ടിടങ്ങളും മേൽക്കൂര തകർന്ന് പ്ലാസ്റ്റിക് ഷീറ്റിൽ പുതച്ചു നിൽക്കുന്നു. മഴക്കാലത്ത് ചോർന്നൊലിക്കുന്നതും പതിവ് കാഴ്ച. ചുവരിലെ സിമന്റ് പാളികൾ അടർന്ന് വീണ്ടുകീറി വികൃതമുഖം പേറുന്ന ഈ കെട്ടിടങ്ങൾ നഗരചാരുതക്ക് പോലും അപവാദമാകുന്നുവെന്നതാണ് പരിതാപകരം.
കെട്ടിടങ്ങൾക്ക് കലോചിതമായ അറ്റകുറ്റപ്പണികൾ നടത്താനൊ അപകടം പതിയിരിക്കുന്നവ പൊളിച്ചുമാറ്റാനൊ ഉടമകളും തയാറല്ല. ജീർണ്ണിച്ച കെട്ടിടങ്ങളിലെ വയറിംഗ് സംവിധാനങ്ങൾ പോലും താറുമാറായി അപകടം പതിയിരിക്കുന്നു. ഷോർട്ട് സർക്യൂട്ട് മൂലം ഇത്തരം കെട്ടിടങ്ങളിൽ തീ പടരുന്നതും നഗരത്തിൽ പുതുമയുള്ള സംഭവമല്ല.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പരിശോധിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടവർ ഇപ്പോഴും ഉറക്കത്തിൽ തന്നെ. യഥാസമയം കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പു വരുത്താനൊ അപകടാവസ്ഥയിലുള്ളവ പൊളിച്ചുമാറ്റാനുള്ള നിർദ്ദേശങ്ങൾ നൽകാനൊ നഗരസഭാധികൃതർക്കും താല്പര്യമില്ല.
സമീപകാലത്ത് പാലക്കാട് നഗരത്തിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തവും അധികൃതർക്ക് പാഠമാകുന്നില്ല. നഗരപാതക്കരികിലെ കെട്ടിടങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് വർഷങ്ങളായി ബൈപാസ് വിരുദ്ധ സമിതി ഉന്നയിച്ച ആക്ഷേപവും അധികൃതർ മുഖവിലയ്ക്കെടുത്തില്ല.