മുക്കം: ശീലങ്ങൾ പലതും മാറുകയും മാറ്റാൻ നിർബന്ധിതമാക്കപ്പെടുകയും ചെയ്യുന്ന കൊറോണാ കാലത്ത് പുതുതലമുറ പോലും തങ്ങൾക്ക് മുൻപേ നടന്നവരുടെ ശീലങ്ങളിലേക്ക് തിരിച്ചു നടക്കുകയാണെന്ന് ഓർമിപ്പിക്കുകയാണ് ഒരു സംഭവം.
കാരശ്ശേരി കളരിക്കണ്ടി മാന്ത്രയിൽ ചെറൂട്ടി രാധയുടെ പറന്പിലെ 30 വർഷം പ്രായമായ പന കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. ആദ്യം പുതിയ തലമുറയിലെ ആളുകൾ സാധരണ ഒരു മരം മുറിക്കുന്ന ലാഘവത്തോടെ നോക്കിയപ്പോൾ പഴയ തലമുറയിലെ രാധമ്മയും ലീലാമ്മയും പനംപൊടിയുടെ പണ്ട് കാലത്തെ കഥകളും ഒൗഷധ ഗുണങ്ങളും വിവരിച്ചതോടെ ന്യൂ ജനറേഷൻ ആളുകളും പനന്പൊടി ശേഖരിക്കാൻ തിരക്കുകൂട്ടി.
പണ്ട് ഏകദേശം ഒന്നര അടി നീളത്തിലായിരുന്നു ഓരോ കുടുംബവും കൊണ്ട് പോയിരുന്നത്. അത് കൊണ്ട് തന്നെ ഇപ്പോഴും ആ ശീലത്തിന് മാറ്റം വരുത്താനും ഇവർ തയാറായില്ല. കേട്ടറിഞ്ഞ് നിരവധി ആളുകളാണ് പനംപൊടി ശേഖരിക്കാൻ ഇവിടേക്ക് എത്തിയത്.
പണ്ടുകാലത്ത് സാധാരണ മലയാളിയുടെ അടുക്കള കളിലെ പ്രധാന വിഭവങ്ങൾ ആയിരുന്നു ചക്കയും പനയും. കൂട്ടുകുടുംബങ്ങളിൽ പനയുടെ ഉൾക്കാന്പ് ഒരു ഉരലിൽ നിന്ന് രണ്ടും മൂന്നും പേർ ഒന്നിച്ച് ഇടിച്ച് പൊടിയാക്കുന്നത് തന്നെ ഒരു രസ കാഴ്ചയായിരുന്നൂ.
പന കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും പുതുതലമുറയ്ക്ക് പുതിയ അനുഭവമായിരുന്നു. പഴമക്കാർ 99 ലെ വെള്ളപ്പൊക്കം എന്ന് പറയുന്ന 1924ലെ പ്രളയകാലത്ത് ഒരു തലമുറയെ ഒന്നാകെ ജീവിപ്പിച്ച നിർത്തിയത് പനയും ചക്കയും കപ്പയും തന്നെയായിരുന്നു.
ഈ കൊറോണ കാലവും നമ്മെ പലതും ഓർമിപ്പിക്കുകയാണ്. ഹൈപ്പർ മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലും വർണശബളമായ കവറിൽ നിറച്ചുവച്ച മായം കലർത്തിയ പനം പൊടി ഒരു ആർഭാടം പോലെ വാങ്ങി
വീട്ടിലെ തീൻമേശ അലങ്കരിച്ചിരുന്നവർക്ക് പോലും അയൽപക്കത്തെ പറന്പിൽ മുറിച്ചിടുന്ന പനയിൽ നിന്നും ഒരു കഷണം വാങ്ങി വരാനുള്ള ലജ്ജയുടെ കരിന്പടം കൂടിയാണ് ഈ കൊറോണ എടുത്തുകളഞ്ഞത്. വിനാശകാരി ആണെങ്കിലും ഈ കൊറോണ നമ്മെ ആ പഴഞ്ചൊല്ല് ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ്.