തൊടുപുഴ: ജില്ലയിൽ ഭക്ഷ്യ വസ്തുക്കളിൽ കൃത്രിമവും മായവും കലർത്തുന്നതും പഴകിയ ഭക്ഷ്യസാധനങ്ങൾ വിൽപ്പന നടത്തുന്നതും പതിവാകുന്പോഴും ഭക്ഷ്യ സുരക്ഷാ വകുപ്പിനുള്ളത് പരിമിതമായ സൗകര്യങ്ങൾ മാത്രം.
ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിലേക്ക് ഓടിയെത്താൻ വകുപ്പിന് ആകെയുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം കട്ടപ്പുറത്തായി. പരിമിതമായ സൗകര്യങ്ങളിൽ നിന്നാണ് ഹോട്ടലുകൾ, ബേക്കറികൾ, മൽസ്യം, മാംസം പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
പരിശോധന ശക്തമാണെങ്കിലും ഇതിനിടയിൽ ജനങ്ങൾക്ക് പഴകിയ ഭക്ഷ്യ സാധനങ്ങൾ നൽകുന്ന ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളുമുണ്ട്. തൊടുപുഴക്കു സമീപത്തുള്ള ഹോട്ടലിൽ നിന്നും കഴിഞ്ഞ ദിവസം പഴകിയ ഭക്ഷണ സാധനങ്ങൾ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പടി കൂടി പിഴ ഈടാക്കിയിരുന്നു.
ഇടക്കാലത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഭക്ഷണപദാർഥങ്ങൾ തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും മറ്റും ഹോട്ടലുകാരുടെ ഭാഗത്തു നിന്നു ഗുരുതരമായ അലംഭാവം കണ്ടെത്തിയതിനെ തുടർന്ന് പരിശോധന കൂടുതൽ കർശനമാക്കിയിരുന്നു. ഒട്ടേറെ കേസെുകൾ പിടികൂടി പിഴയടപ്പിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് ഹോട്ടലിൽ കഴിക്കാൻ നൽകിയ ചിക്കൻ ബിരിയാണിയിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിൽ 8000 രൂപ പിഴ ഈടാക്കി താക്കീതു നൽകി.
കോഴിയിറച്ചി മതിയായ തോതിൽ വേവിക്കാതെയാണ് ബിരിയാണിയിൽ നൽകിയതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും പഴകിയ ഇറച്ചിക്കറിയും മറ്റുമാണ് പിടി കൂടിയത്. ഇതു കൂടാതെ മൽസ്യ മാംസാദികളിലും മറ്റും കൃത്രിമത്വം കാണിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. പലപ്പോഴും പരാതികളില്ലായെന്നതിനാലാണ് ഹോട്ടലുകളും ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും ഇത്തരം വീഴ്ചകൾ ആവർത്തിക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സാധാരണ പരിശോധന നടത്തി ഇത്തരത്തിലുള്ള ക്രമക്കേടു കണ്ടെത്തിയാൽ ആദ്യം താക്കീതു നൽകും. രണ്ടാം ഘട്ടമായി ഭക്ഷണശാലയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. പിന്നീടും ആവർത്തിച്ചാൽ ലൈസൻസ് റദ്ദു ചെയ്തു സ്ഥാപനം അടപ്പിക്കും.
കഴിഞ്ഞ കുറെ നാളുകളായി ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ഒട്ടേറെ സ്ഥാപനങ്ങളിൽ ഭക്ഷണം തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ചകൾ കണ്ടെത്തിയിരുന്നു. എന്നാൽ തുടർച്ചയായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താൻ കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതാണ് പ്രശ്നം.
ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കീഴിൽ ഇടുക്കി, ദേവികുളം, തൊടുപുഴ, ഉടുന്പൻചോല, പീരുമേട് എന്നിവിടങ്ങളിലാണ് സർക്കിൾ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഒരു ഫുഡ് സേഫ്റ്റി ഓഫീസറാണ് പരിശോധനയ്ക്കും മറ്റും നേതൃത്വം നൽകുന്നത്. ചിലപ്പോൾ അംഗബലം കുറവായതിനാൽ എതിർപ്പു ഭയന്ന് ഇവർ ഒറ്റയ്ക്ക് റെയ്ഡിനും മറ്റും പോകാറില്ല. ഒന്നിൽ കൂടുതൽ ഫുഡ്സേഫ്റ്റി ഓഫീസർമാർ ചേർന്ന് സ്ക്വാഡ് രൂപീകരിച്ചാണ് പലപ്പോഴും പരിശോധന നടത്തുന്നത്.
ജില്ലയിൽ വകുപ്പിന് ആകെ ഉണ്ടായിരുന്ന വാഹനമാണ് കാലപ്പഴക്കത്തെ തുടർന്ന് ഷെഡിൽ വിശ്രമിക്കുന്നത്. അതിനാൽ പരാതിയുണ്ടായാൽ തന്നെ ഓടിയെത്താനുള്ള ബുദ്ധിമുട്ടുകളും ഉദ്യോഗസ്ഥർ നേരിടുന്നുണ്ട ്. ഇപ്പോൾ വാടകയ്ക്ക് വാഹനം വിളിച്ചാണ് ഉദ്യോഗസ്ഥർ പരിശോധനകൾക്കായി പോകുന്നത്. പരിമിതമായ സൗകര്യമാണുള്ളതെങ്കിലും പരിശോധനകൾ കൃത്യമായി തന്നെ നടന്നു വരുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ബെന്നി ജോസഫ് പറഞ്ഞു.