ജീവിത സായന്തനത്തില് സൗഹൃദത്തിന്റെ നിറക്കൂട്ടുമായി മുത്തോലി പഞ്ചായത്ത് ഒരുക്കിയ വയോജന സൗഹൃദ യാത്ര ഹൃദ്യമായി. വിനോദത്തിന്റെ ആനന്ദം പകര്ന്നും കൂട്ടായ്മയുടെ സൗഹൃദം നുകർന്നും വയോജനങ്ങള്ക്കായി എറണാകുളത്തേക്കു സംഘടിപ്പിച്ച വിനോദയാത്രയില് പഞ്ചായത്തിലെ മുന്നൂറിലധികം അച്ഛനമ്മമാരാണ് പങ്കെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് രണ്ജിത്ത് ജി. മീനാഭവന്റെ നേതൃത്വത്തില് നടത്തിയ പകല് യാത്രയില് പഞ്ചായത്തിലെ എല്ലാ വാര്ഡ് മെമ്പര്മാരും പങ്കെടുത്തു.രാവിലെ എട്ടോടെ മുത്തോലിയില്നിന്ന് ആറു ബസുകളിലായാണ് ഇവര് യാത്ര തിരിച്ചത്. ആരോഗ്യ പ്രവര്ത്തകരും ആശ പ്രവര്ത്തകരും ഹരിത കര്മസേനാംഗങ്ങളും യാത്രികരുടെ സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു.
മുത്തോലി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളെല്ലാം ഒരു കുടുംബമായി മാറുന്ന നിമിഷങ്ങളായിരുന്നു ഉല്ലാസയാത്രയില് ഉടനീളം. മധുരനൊമ്പരങ്ങള് പങ്കിട്ടും ആടിയും പാടിയും സ്നേഹത്തിന്റെ പുതിയ അധ്യായം രചിച്ചു.
തൃപ്പൂണിത്തുറ ഹില് പാലസ്. മട്ടാഞ്ചേരി, ഫോര്ട്ടുകൊച്ചി, വല്ലാര്പാടം പള്ളി എന്നിവിടങ്ങള് സന്ദര്ശിച്ചു. ബോട്ടിംഗും ക്രമീകരിച്ചിരുന്നു. 60 വയസ് മുതല് 90 വയസുവരെയുള്ള പഞ്ചായത്ത് നിവാസികള് യാത്രയില് പങ്കെടുത്തു. രാത്രി എട്ടോടെ പഞ്ചായത്തില് തിരിച്ചെത്തി രാത്രി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.