അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ വൃദ്ധജനങ്ങൾക്ക് വിശ്രമിക്കാനായി വിശ്രമകേന്ദ്രം ഒരുങ്ങി. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മാനസിക സംഘർഷം ഒഴിവാക്കുക ലക്ഷ്യമിട്ട്് പഞ്ചായത്തിന്റെ 2018 -2019 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം നിർമിച്ചത്.
പണി പൂർത്തിയായ വിശ്രമകേന്ദ്രം ഉടനെ വയോജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ പറഞ്ഞു.പുതൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം ഒരുക്കിയിട്ടുള്ള വിശ്രമ കേന്ദ്രത്തിൽ വൃദ്ധജനങ്ങൾക്ക് രാവിലെ ഒന്പതു മുതൽ വൈകിട്ട് അഞ്ച് വരെ വിശ്രമിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുക.
900 സ്ക്വയർ ഫീറ്റിൽ ഒരു ഹാൾ, അടുക്കള, ബാത്ത്റൂം എന്നീ സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ കെയർടെയ്ക്കറുടെ സേവനവും വയോധികർക്ക് ലഭ്യമാക്കും. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് നേരം ഭക്ഷണവും ഉല്ലാസത്തിനായി ടി.വി.യും പത്രവും ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിശ്രമകേന്ദ്രത്തിൽ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.