ഒറ്റപ്പാലം: എല്ലാ വൃദ്ധസദനങ്ങളലും പരിശോധന നടത്തുമെന്ന് ഒറ്റപ്പാലം സബ് കളക്ടർ അർജൻ പാണ്ഡ്യൻ. കഴിഞ്ഞദിവസം വരോട് വൃദ്ധസദനത്തിൽ അന്തേവാസി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എല്ലാം വൃദ്ധസദനങ്ങളിളിലും കർശന പരിശോധന നടത്താൻ തീരുമാനിച്ചത്.
സബ് ഡിവിഷന് കീഴിലെ എല്ലാ വൃദ്ധസദനങ്ങളിലും പരിശോധന നടത്തി അസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങളാണെങ്കിൽ കർശനനടപടി സ്വീകരിക്കും.
സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് പ്രത്യേകസംഘം ഇതിനായി രൂപീകരിക്കും. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാന്പി താലൂക്കിലാണ് പരിശോധന നടത്തുക. ഇതിനിടെ കൊലപാതകം നടന്ന വരോടുള്ള വൃദ്ധസദനത്തിൽനിന്ന് ഇവിടത്തെ അന്തേവാസികളെ മാറ്റിപാർപ്പിച്ചു.
ഇവിടെ താമസിക്കുന്നതിനുള്ള സാഹചര്യങ്ങൾ സുരക്ഷിതമല്ലെന്ന് വിലയിരുത്തിയാണ് നടപടികൾ സ്വീകരിച്ചത്. ഇവിടെ മുഴുവൻ സമയ കെയർടേക്കർ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേരാണ് ഇവിടെയുള്ളത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ അറസ്റ്റുചെയ്യുകയും ചെയ്തു.
മുഴുവൻ സമയ കെയർടേക്കർ ഉൾപ്പെടെയുള്ള നിബന്ധനകൾ ഉറപ്പുവരുത്തിയാൽ മാത്രമേ ഇനി വരോടുള്ള വൃദ്ധസദനത്തിന് പ്രവർത്തനാനുമതി നല്കൂ.
ഇതിനിടെ വൃദ്ധസദനത്തിൽ കൊല്ലപ്പെട്ട എറണാകുളം സൗത്ത് പുതുവൈപ്പിൽ പറന്പിൽ ചന്ദ്രദാസിന്റെ മരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
തലയിലും മുഖത്തുമായി പതിനൊന്നു മുറിവുകൾ കണ്ടെത്തി. മണിക്കൂറുകളോളം രക്തംവാർന്ന് കിടന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മരപ്പലകകൊണ്ടുള്ള ശക്തമായ അടിയാണ് മരണത്തിൽ കലാശിച്ചത്.
ഒറ്റപ്പാലം ഏഎസ്പി. ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.