ഓലപ്പുരയില്‍ കഴിയുന്ന പെണ്‍മക്കള്‍ക്കും അമ്മയ്ക്കും കാരുണ്യവുമായി എരുമേലി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥിള്‍

KTM-NEW-HOUSEഎരുമേലി: ഐശ്വര്യക്കും അമ്മയ്ക്കും മക്കളായ ആറു വയസുകാരി രാജലക്ഷ്മിക്കും രണ്ടു വയസുളള അനിയത്തിക്കും ആകെയുളളത് കാറ്റത്ത് പറന്നു പോകാവുന്ന ഓലപ്പുരയായിരുന്നെങ്കില്‍ ഇനി അത് ഉലയില്ല, താങ്ങാന്‍ സുമനസുകളേറെയുണ്ട്.മാനസികാസ്വാസ്ഥ്യമുളള പ്രായമേറിയ അമ്മയ്‌ക്കൊപ്പം മകള്‍ ഐശ്വര്യയും പെണ്‍മക്കളും അവര്‍ക്ക് കൂട്ടായി പട്ടിണിയും. അതായിരുന്നു മുക്കടയില്‍ മലമ്പാത തീരുന്ന വനത്തിന്റെ അതിര്‍ത്തിയിലെ ആ ചെറ്റക്കുടിലില്‍ ഇതുവരെയു ണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ കഥ മാറി, അദ്ഭുതത്തിന്റേതായി. ഉറ്റവരും ബന്ധുക്കളുമുള്‍പ്പടെ ആരും തിരിഞ്ഞുനോക്കാനില്ലാതെ ജീവിതം വഴിമുട്ടിയവര്‍ക്ക് ദൈവദൂതരെത്തുമെന്ന് അന്ന് അയല്‍ക്കാരും നാട്ടുകാരും കണ്ടറിഞ്ഞു. അതിനു നിമിത്തമായത് ഒരു പറ്റം വിദ്യാര്‍ഥികള്‍.

മുക്കടയ്ക്കടുത്ത് കൂവക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ എരുമേലി എംഇഎസ് കോളജിലെ വിദ്യാര്‍ഥികളിലൂടെയാണ് ഓലപ്പുരയിലെ കുടുംബത്തിന്റെ ദുരിതം നാടറിഞ്ഞത്. എരുമേലിയിലെ കടകള്‍ കയറി തുച്ഛമായ വേതനത്തില്‍ അരമണിക്കൂര്‍ സമയത്തേക്ക് ജോലി നല്‍കാമോയെന്നഭ്യര്‍ഥിച്ച് വിദ്യാര്‍ഥികള്‍ എത്തുന്നതോടെയാണ് കാരുണ്യത്തിന്റെ തുടക്കം. ഓലപ്പുരയില്‍ ജീവിതം വഴിമുട്ടിയ കുടുംബത്തിന് ആദ്യം ശൗചാലയം നിര്‍മിച്ചു നല്‍കാനുളള പണത്തിനായാണ് ജോലിയും വേതനവും വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചതെന്നറിഞ്ഞ വ്യാപാരികള്‍ സന്തോഷത്തോടെ ജോലിയും കനിവോടെ പ്രതിഫലവും നല്‍കി.

വാഹനങ്ങള്‍ കഴുകിയും കടകളില്‍ സാധനങ്ങളെടുത്തു നല്‍കിയും പച്ചമീന്‍ കടയില്‍ ജോലി ചെയ്തും പെട്രോള്‍ പമ്പിന്റെ അറ്റകുറ്റപ്പണിക്ക് സിമന്റും മണലും ചുമന്നും ജോലി ചെയ്തു വാങ്ങിയ കൂലിക്കു പുറമെ സുമനസുകള്‍ നല്‍കിയതുമെല്ലാമായി തുക മുപ്പതിനായിരമെത്തി. വിദ്യാര്‍ഥികള്‍ തന്നെ കുഴിയെടുത്ത് പണികള്‍ നടത്തി കക്കൂസിന്റെ നിര്‍മാണം ഇന്നലെ ആരംഭിച്ചു.

പെണ്‍മക്കളുടെ പഠനവും ഭക്ഷണചെലവും വഹിക്കാമെന്ന് വിദേശമലയാളിയായ ഉദ്യോഗസ്ഥ അറിയിച്ചു. ഭദ്രമായ വീട് നിര്‍മിക്കാന്‍ ധനസഹായം അനുവദിക്കുമെന്ന് വാര്‍ഡംഗവും പഞ്ചായത്തധികൃതരും അറിയിച്ചു. ഐശ്വര്യക്ക് ജോലിയും അമ്മയ്ക്ക് ചികിത്സയും ഏര്‍പ്പാടാക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും അധ്യാപകനുമായ വി.ജി. ഹരീഷ്‌കുമാറും വിദ്യാര്‍ഥികളും. ഒരു പൂ ചോദിച്ചപ്പോള്‍ വസന്തം തന്നെ നല്‍കിയ സുമനസുകള്‍ അതിനു വഴി തെളിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.

Related posts