ഷൊർണൂർ: തകർന്നുവീണ പഴയ കൊച്ചിപാലത്തിനു മുകളിൽ ജനങ്ങൾ പ്രവേശിക്കുന്നതു പൊതുമരാമത്തു വകുപ്പ് നിരോധിച്ചു. പാലം അപകടകരമായ വിധം തകർച്ച നേരിട്ടതും, ജനങ്ങൾ ക്രമാതീതമായി പാലത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
തകർന്ന കൊച്ചി പാലത്തിൽ കാഴ്ചക്കാരായും കാറ്റുകൊള്ളാനും നടക്കാനുമായി നിരവധിപേരാണ് എത്തുന്നത്. ശക്തമായ മഴയെതുടർന്ന് പുഴയിൽ അടിയൊഴുക്കും കുത്തൊഴുക്കും കൂടുതലാണ്. പാലത്തിന്റെ തൂണുകൾ ഏതുനിമിഷവും ബലക്ഷയംമൂലം നിലംപൊത്താവുന്ന സാഹചര്യമുണ്ട്.
ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പൊതുമരാമത്തു വകുപ്പ് പാലത്തിൽ പ്രവേശിക്കുന്നതു തടഞ്ഞ് ഉത്തരവിറക്കിയത്. ഉത്തരവുകൾ ജനങ്ങൾ അംഗീകരിക്കുമോ എന്ന കാര്യം കണ്ടറിയണം. ഉത്തരവ് നടപ്പാക്കാത്തപക്ഷം വൻദുരന്തമാകും ഫലം. രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതൽ പേരും പാലത്തിലെത്തുന്നത്. ഒഴുക്കുകൂടിയതോടെ പുഴയുടെ ഭംഗി ആസ്വദിക്കാനും നിരവധിപേരാണ് പാലത്തിനു മുകളിൽ എത്തുന്നത്. കലാമണ്ഡലം സന്ദർശനത്തിന് എത്തുന്ന വിദേശികളും ഇതിൽപെടും.
നിലവിൽ സാമൂഹ്യവിരുദ്ധകേന്ദ്രം കൂടിയാണ് ഇവിടം. മദ്യപാനികളും കഞ്ചാവുവില്പനക്കാരും ഇവിടം താവളമാക്കിയിട്ടുണ്ട്. പാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി സംരക്ഷിക്കുന്നതിനു തീരുമാനമുണ്ട്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ പാലത്തിന്റെ അവശേഷിച്ച ഭാഗങ്ങൾ ഒലിച്ചുപോകാൻ സാധ്യത ഏറെയാണ്. പാലം സംരക്ഷിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളുമുണ്ടാകുന്നില്ല.
അറ്റകുറ്റപ്പണി നടത്തി കാലുകൾ ബലപ്പെടുത്തി പാലം നിലനിർത്താനാകും. നാട്ടുരാജ്യ ഭരണകാലത്ത് തിരുക്കൊച്ചിയേയും മലബാറിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാലമാണിത്. സ്വാമി വിവേകാനന്ദൻ തന്റെ പ്രസിദ്ധമായ കേരള സന്ദർശനത്തിനു തുടക്കംകുറിച്ചത് ഈ പാലത്തിലൂടെയാണ്.