അഗളി: അറഞ്ഞുപെയ്ത കാലവർഷത്തിൽ തണുത്തുമരവിച്ച് മൃതപ്രായയായ യുവതിയ്ക്ക് യുവാക്കൾ രക്ഷകരായി. കൽക്കണ്ടിക്കും കള്ളമലയ്ക്കും ഇടയിൽ റോഡരികിലെ മരച്ചുവട്ടിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സംഭവമറിഞ്ഞ കുമ്മംകോട്ടിൽ സുബിൻ സേവ്യർ ഭാര്യ റോണിയേയും കൂട്ടി റോഡിലേയ്ക്കിറങ്ങി.
കോരിച്ചൊരിയുന്ന മഴ നനഞ്ഞ് ചുരുണ്ടുകൂടി ഇരിക്കുകയായിരുന്ന യുവതിയെ സഹായിക്കാനായി തോട്ടുന്പുറം ജോസ് മോൻ, പൊക്കാനത്ത് അജിമോൻ എന്നിവരും ഇവരുടെ കൂടെക്കൂടി. യുവതിയെ താങ്ങിയെടുത്ത് സുബിന്റെ വീട്ടിലെത്തിച്ചു. നനഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു.
ഭക്ഷണം നല്‍കിയതോടെ യുവതിയ്ക്ക് പുതുജീവൻ ലഭിച്ച പ്രതീതിയായി. തമിഴ് സംസാരിക്കുന്ന യുവതിയ്ക്ക് സ്വന്തം പേരുപോലും ഓർത്തെടുക്കാനാകുന്നില്ല. സുബ്രഹ്മണ്യൻ എന്നാണ് ഭർത്താവിന്റെ പേരെന്നും രണ്ട് പെണ്‍കുട്ടികളുണ്ടെന്നും യുവതി പറഞ്ഞു. വസ്ത്രങ്ങൾ നിറച്ച ഒരു സഞ്ചി മാത്രമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
ചിത്തഭ്രമമാണെന്ന് മനസിലായതോടെ അഗളി പോലീസുമായും പഞ്ചായത്ത് പ്രസിഡന്റുമായും ഇവർ ബന്ധപ്പെട്ടു.
അഗളി എസ്.ഐ സുബിന്റെ നിർദേശപ്രകാരം ഇവരെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാരുടെ പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത യുവതി സന്തോഷവതിയായി. രണ്ടുമൂന്നു ദിവസമായി ഇവർ തെരുവിൽ അലയുന്നതായി നാട്ടുകാർ പറഞ്ഞു.