കണ്ണൂർ: സിനിമകാണാനെത്തിയ വയോധികയെ വനിതാപോലീസ് പിടികൂടി മകനു കൈമാറി. ഇന്നലെ രാത്രിയിൽ കണ്ണൂർ നഗരത്തിലാണ് സംഭവം. ചെറുപുഴ സ്വദേശിനിയായ 86കാരിയാണ് കഥാപാത്രം. സിനിമാ ഭ്രമംമൂത്ത വയോധിക ഇടയ്ക്കിടെ സിനിമകാണാൻ പോകാറുണ്ടായിരുന്നു.
അങ്ങനെയാണ് ഇന്നലെ രാത്രി പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്കു വരുന്ന സ്വകാര്യ ബസിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വയോധിക എത്തിയത്. എന്നാൽ നഗരത്തിലെ സിനിമ തിയേറ്ററുകളിൽ സിനിമയുടെ അവസാന ഷോയുടെ സമയവും കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് പഴയ ബസ് സ്റ്റാൻഡിൽ പട്രോളിംഗിനെത്തിയ പോലീസുകാരാണ് പരിഭ്രാന്തിയിലായ വയോധികയെ കാണുന്നത്.
തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വയോധികയെ വനിതാപോലീസിനു കൈമാറുകയായിരുന്നു. വനിതാ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വയോധികയുടെ സിനിമാഭ്രമത്തെ കുറിച്ചറിയുന്നത്. തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയും ഇന്നു രാവിലെ മകൻ സ്റ്റേഷനിലെത്തി വയോധികയെ വീട്ടിലേക്കു കൊണ്ടുപോവുകയുമായിരുന്നു. ു