ഭിക്ഷാടനം തൊഴിലാക്കിയവര്‍ തെരുവിലും മറ്റും മരിക്കുമ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്ന കെട്ടില്‍ പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെ കണ്ടെത്തുകയുണ്ടായിട്ടുണ്ട്. സമാനമായ വാര്‍ത്തയാണ് ആലപ്പുഴയിലെ കലവൂരില്‍ നിന്ന് പുറത്തുവരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷെഡ്ഡിലെ ചപ്പു ചവറുകള്‍ക്കിടയില്‍ പല ടിന്നുകളില്‍ അടച്ച നിലയില്‍ വൃദ്ധയില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങളുടെ സമ്പാദ്യമാണ്. പതിനായിരത്തോളം രൂപയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രം.
വൃദ്ധയുടെ സമ്പാദ്യം പകുതിയോളം എണ്ണിക്കഴിഞ്ഞപ്പോള്‍ 68,000 രൂപയുണ്ടായിരുന്നു. നാണയത്തുട്ടുകള്‍ വേറെയുമുണ്ട്. പോലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് പണമെണ്ണിയത്. നാണയങ്ങളും നോട്ടുകളുമായി സമ്പാദ്യം ലക്ഷത്തോളം വരുമെന്നാണ് കണക്ക്. കഴിഞ്ഞ ശനിയാഴ്ചയാണ് റോസമ്മയെന്ന വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏതാനും ദിവസമായി പുറത്ത് കാണാതെ വന്നതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷമായി ഒറ്റയ്ക്ക് ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്ന റോസമ്മ അവിവാഹിതയാണ്. നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. സഹോദരങ്ങളെ ഉള്‍പ്പെടെ ആരേയും ഇവര്‍ താമസ സ്ഥലത്തേക്ക് അടുപ്പിച്ചിരുന്നില്ല. മുറി മുഴുവന്‍ ചപ്പുചവറുകളാല്‍ നിറഞ്ഞ നിലയിലാണ്.
ചവറുകള്‍ക്കിടയില്‍ 30 രൂപവീതമുള്ള പൊതികളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണമിടുന്നതിനു മുമ്പും പിമ്പും മെഴുകുതിരിയും തീപ്പെട്ടിയും വെച്ച് അടച്ച നിലയില്‍ പല ടിന്നുകളിലായി ചവറുകള്ക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നത്. ധാരാളം ടിന്നുകളും മുറിയ്ക്കുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.