പള്ളുരുത്തി: മനോനില തെറ്റിയ വയോധിക ഒറ്റയ്ക്ക് വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നതറിഞ്ഞ് വീടു വൃത്തിയാക്കാനെത്തിയ കൗൺസിലറും ഉദ്യോഗസ്ഥരും ലക്ഷക്കണക്കിനു രൂപയും സ്വർണവും കണ്ടു ഞെട്ടി.
പള്ളുരുത്തി തങ്ങൾ നഗറിൽ ഒറ്റയ്ക്കു താമസിച്ചുവന്ന എൺപതുകാരിയുടെ വീട് വൃത്തിയാക്കാനാണ് ഡിവിഷൻ കൗൺസിലർ ലൈലാദാസും ആരോഗ്യവിഭാഗം ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമെത്തിയത്.
വൃദ്ധ വൃത്തിഹീന സാഹചര്യത്തിലാണ് കഴിയുന്നതെന്ന് നാട്ടുകാരാണ് അറിയിച്ചത്.ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, പൊതുപ്രവർത്തകരായ ഉദയകുമാർ, വാർമയിൽ മധു, ഇടക്കൊച്ചി സിയന്ന കോളജ് എൻഎസ്എസ് യൂണിറ്റിലെ സന്നദ്ധ പ്രവത്തകർ,
കോ-ഓർഡിനേറ്റർ രമ്യ, ഫാസില, ഷാമിന, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടു വൃത്തിയാക്കുന്നതിനിടെ നാലു ലക്ഷത്തോളം രൂപയും അഞ്ചര പവൻ സ്വർണവും കണ്ടെത്തി.
വീട്ടിലുണ്ടായിരുന്ന പെട്ടികളിലും കുറേയേറെ പേഴ്സുകളിലുമായായിരുന്നു പണവും സ്വർണവും വച്ചിരുന്നത്.
വീട്ടിൽനിന്ന് ലഭിച്ച പണം കൗൺസിലർ ലൈലദാസിന്റെയും പൊതുപ്രവർത്തകനായ സുബൈർ, ഗഫൂർ എന്നിവരുടെയും പേരിൽ ബാങ്കില്‍ നിക്ഷേപിച്ച് വയോധികയുടെ ചെലവു നടത്താനാണ് നാട്ടുകാരുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.
സംഘത്തിന്റെ നേതൃത്വത്തിൽ വീട് ശുചീകരിക്കുകയും വയോധികയെ കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്തു.