കൊച്ചി: എറണാകുളം നോർത്തിൽ വൃദ്ധയെ സഹോദരന്റെ മകൻ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്ത കേസിൽ പ്രതിയെ ഇന്ന് എറണാകുളം സെൻട്രൽ പോലീസ് കസ്റ്റിയിൽ വാങ്ങും.
ഇയാളെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും. 45കാരനായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ നിജസ്ഥിതിയിലേക്ക് എത്താനാണ് പോലീസ് ശ്രമിക്കുന്നത്.
വരും ദിവസങ്ങളിൽ പ്രതിയുടെ അടുത്ത ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് എറണാകുളം സെൻട്രൽ പോലീസ് എസ്എച്ച്ഒ എസ്. വിജയശങ്കർ പറഞ്ഞു.
സംഭവ ദിവസം ലൈംഗിക പീഡനത്തിനിടെ നടന്ന ബലം പ്രയോഗത്തിൽ വൃദ്ധ ശ്വാസം മുട്ടിമരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വൃദ്ധയെ അവിവാഹിതനായ പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സ്വത്തിന്റെ പേരിലും തർക്കം ഇവർക്കിടയിലുണ്ടായിരുന്നു.
കഴിഞ്ഞ ഏഴിന് പുലർച്ചെ രണ്ടോടെയാണ് വൃദ്ധയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മുഖത്തും കൈയിലും പരിക്കുകളുണ്ടായിരുന്നു.
ഇവരുടെ മുഖത്തെ പരിക്കുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ശനിയാഴ്ച സംഭവം കൊലപാതകമാണെന്ന് തെളിയുകയും ഇതിനു പിന്നാലെ സഹോദരന്റെ മകനെ അറസ്റ്റു ചെയ്യുകയും ചെയ്തത്.
അവിവാഹിതയായ വൃദ്ധ എറണാകുളം നോർത്തിലെ ഇരുനിലവീട്ടിൽ പ്രതിക്കും ഇയാളുടെ അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്.