നീതി കിട്ടാന്‍ തെങ്ങിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാളെ അനുനയിപ്പിച്ച് താഴെയിറക്കി. ഇന്നുരാവിലെ ആലുവ ചൂണ്ടിയിലായിരുന്നു നാട്ടുകാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. ചൂണ്ടി തോട്ടപ്പിള്ളി ജോണി (55) ആണ് മണ്ണെണ്ണയും ലൈറ്ററുമായി വീട്ടുമുറ്റത്തെ തെങ്ങിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്.
ആറുവര്‍ഷം മുന്‍പ് ആലുവ ടൗണില്‍വച്ച് ജോണിയെ ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. രണ്ടരപവന്‍ സ്വര്‍ണവും മൂവായിരം രൂപയും കവര്‍ച്ച ചെയ്യപ്പെടുകയും ആക്രമണത്തില്‍ ജോണിയുടെ മൂന്നുപല്ലുകളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നടന്നത് പറവൂര്‍ ജില്ലാ കോടതിയിലായിരുന്നു. എന്നാല്‍, നാളുകള്‍ക്കുശേഷം കേസിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയില്‍ എത്തിയെങ്കിലും പ്രതികളെ വെറുതെ വിട്ടതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് നീതിതേടി ജോണി പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
ജില്ലാകളക്ടറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. കാര്യങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇന്നുപുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടുമുറ്റത്തെ തെങ്ങില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞ് എടത്തല പോലീസ് സ്റ്റേഷനില്‍ നിന്നും ആലുവ ഫയര്‍ഫോഴ്സ് യൂണിറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ജോണി തെങ്ങില്‍ നിന്നും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏണി ഉപയോഗിച്ച് തെങ്ങിന് മുകളില്‍ കയറാന്‍ ശ്രമം നടത്തിയെങ്കിലും കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ അവര്‍ക്ക് നേരെ ഒഴിച്ചു ജോണി പ്രതിരോധിക്കുകയായിരുന്നു.
ജില്ലാകളക്ടര്‍ എത്തിയതിനുശേഷമേ താഴെയിറങ്ങൂവെന്ന് വാശിപിടിച്ചെങ്കിലും ഒടുവില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ എത്തി പ്രശ്നത്തിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കി തരാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് താഴെയിറങ്ങാന്‍ കൂട്ടാക്കിയത്. മണിക്കൂറുകളോളം തെങ്ങിന് മുകളിലിരുന്ന അവശനിലയിലായ ജോണിയെ ഫയര്‍ഫോഴ്സ് ഏറെ സാഹസികമായിട്ടാണ് താഴെയിറക്കിയത്.