വടകര: 95 വയസുള്ള മാതാവിനെ പരിചരിക്കാന്‍ മക്കള്‍ കൂട്ടാക്കാത്തതറിഞ്ഞ് വടകര ജനമൈത്രീ പോലീസിന്റെ ഇടപെടല്‍. പുറങ്കരയിലെ നാരായണി അമ്മക്കാണ് ജനമൈത്രി പോലീസ് ആശ്വാസം പകര്ന്നെത്തിയത്.
എട്ടു മക്കളില്‍ ആറു പേര് ജീവിച്ചിരിപ്പുണ്ടെങ്കിലും അമ്മയോട് പുലര്‍ത്തേണ്ട സ്നേഹവും കടമയും മറന്നുപോയതോടെ അമ്മ കഷ്ടത്തിലായി. പലഭാഗത്തായി താമസിക്കുന്ന മക്കള്‍ അമ്മയെ വേണ്ടമട്ടില്‍ പരിചരിക്കുന്നില്ലെന്ന് പോലീസിനു ബോധ്യമായി.
മയ്യന്നൂരിലെ മകന്റെവീട്ടിലായിരുന്ന അമ്മയെ പുറങ്കരയിലെ മകളുടെ വീട്ടിലാക്കാന്‍ കഴിഞ്ഞ ദിവസം ശ്രമമുണ്ടായി. മറ്റൊരു മകള്‍ ഓട്ടോറിക്ഷയില്‍ പുറങ്കരയിലെത്തിച്ചെങ്കിലും വരുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ മക്കള്‍ തമ്മില്‍ അസ്വാരസ്യമുണ്ടായതായി പറയുന്നു.
ഇതിനു പിന്നാലെ മയ്യന്നൂരിലെ മകന്റെ മകനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നാരായണിഅമ്മയെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്ന് ആരോപിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് വിഷയം പൊതുസമൂഹത്തിന്റെയും ജനമൈത്രി പോലീസിന്റെയും ശ്രദ്ധയില്‍പെടുന്നത്.
അമ്മയെ പരിചരിക്കുന്നത് ബാധ്യതയായി കണക്കാക്കുന്നവര്ക്കെതിരെ കടുത്ത അമര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. പ്രശ്നം ശ്രദ്ധയില്‍പെട്ട ജനമൈത്രി പോലീസ് ആറുമക്കളുടെയും വീട്ടില്‍ ചെന്ന് കാര്യം അന്വേഷിച്ചു.
ഇന്നലെ വൈകുന്നേരം എല്ലാവരേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. അമ്മയെ പരിചരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കേസെടുക്കുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാവുമെന്നും പോലീസ് മുന്നറിയിപ്പു നല്കി.
ഇതോടെ മക്കള്‍ അയഞ്ഞു. രണ്ടു മാസം ഓരോരുത്തരും പരിചരിക്കുമെന്ന് മക്കള്‍ ജനമൈത്രി പോലീസിന് ഉറപ്പു നല്കി. ഇക്കാര്യത്തില്‍ പോലീസ് നിരീക്ഷണമുണ്ടാവുമെന്നും അമ്മക്ക് എല്ലാ ശ്രദ്ധയും പരിചരണവും ഉണ്ടാവണമെന്നും പോലീസ് ഓര്‍മിപ്പിച്ചു. പ്രശ്നം സംബന്ധിച്ച് പോലീസ് കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്കി.