നോട്ട് മാറാന്‍ പോയ വീട്ടമ്മയ്ക്കു മണിക്കൂറുകള്‍ ക്യൂനിന്നു കിട്ടിയതു ദ്രവിച്ച 10 രൂപ നോട്ടുകള്‍;10000ന്റെ ചെക്കുമായി ചെന്നയാള്‍ക്ക് മാറിക്കിട്ടിയത് 5000 മാത്രം…

2016nove14old_cash21ചീമേനി(കാസര്‍ഗോഡ്): നോട്ടുമാറാന്‍ പൊരിവെയിലുംകൊണ്ടു മണിക്കൂറുകള്‍ ക്യൂ നിന്ന വീട്ടമ്മയ്ക്കു ലഭിച്ചത് കീറിപ്പറിഞ്ഞതും പഴകി നശിച്ചതുമായ നോട്ടുകള്‍. കയ്യൂരിലെ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവം. ഇന്നലെ വൈകുന്നേരം ചീമേനി ധനലക്ഷ്മി ബാങ്കിലാണു സംഭവം. തന്റെ കൈയിലുള്ള 3,000 രൂപ (500ന്റെ ആറു നോട്ടുകള്‍) മാറ്റിയെടുക്കാനായി കൊണ്ടുപോയതാണിവര്‍.

പത്തുരൂപയുടെ മൂന്നു കെട്ടുകളാണ് ഇവര്‍ക്ക് ഇവിടെനിന്നു ലഭിച്ചത്. ബാങ്കില്‍ വന്‍തിരക്കായതിനാല്‍ കിട്ടിയ നോട്ടുകള്‍ പരിശോധിക്കാതെ പെട്ടെന്നുതന്നെ ബാഗിലാക്കി. എന്നാല്‍, വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അബദ്ധം പറ്റിയ വിവരമറിയുന്നത്. മുഴുവനും കീറിപ്പറിഞ്ഞതും പകുതി കത്തിയതും കറുത്തുപോയതും പേപ്പറൊട്ടിച്ചതുമായ നോട്ടുകളായിരുന്നു ഇവ. പൂപ്പല്‍ മണമുള്ള ഈ നോട്ടുകള്‍ കൈകൊണ്ടു തൊടാന്‍തന്നെ അറയ്ക്കും. പഴയ നോട്ടുകള്‍ നല്‍കിയാല്‍ പുതിയവ ലഭിക്കുന്ന സംവിധാനപ്രകാരം ബാങ്കില്‍ ശേഖരിക്കപ്പെട്ട നോട്ടുകളാണിവ. 2015 ജൂലൈ 17ന് ഇവ പായ്ക്ക് ചെയ്തതാണെന്നു സൂചിപ്പിക്കുന്ന സീലും നോട്ടുകെട്ടിന്റെ മുകളിലെ പേപ്പറിലുണ്ട്. ഇന്നു തന്നെ നോട്ടുകെട്ടുകള്‍ ബാങ്കില്‍ തിരികെ കൊടുക്കുമെന്നു വീട്ടമ്മ പറഞ്ഞു.

മണിക്കൂറുകള്‍ ക്യൂനിന്നു കിട്ടിയതു ദ്രവിച്ച 10 രൂപ നോട്ടുകള്‍

2016nove14old_cash11മാവേലിക്കര: എസ്ബിഐ ബ്രാഞ്ചില്‍നിന്നു ചെക്കുമാറി പൈസ വാങ്ങിയപ്പോള്‍ മാവേലിക്കര സ്വദേശി ശ്രീകുമാറിനു ലഭിച്ചതു കേടുപാടുകള്‍ സംഭവിച്ച 10 രൂപ നോട്ടുകള്‍. എടിഎം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നു ബ്രാഞ്ചില്‍ മണിക്കൂറുകളോളം ക്യൂനിന്നു ചെക്ക് മാറിയെടുത്തു തിരികെ വീട്ടിലെത്തിയപ്പോഴാണു മാവേലിക്കര ശ്രീവത്സത്തില്‍ ശ്രീകുമാര്‍ ഞെട്ടിയത്. 10,000 രൂപയ്ക്കുള്ള ചെക്കുമായാണ് ബാങ്കിലെത്തിയതെങ്കിലും ചെക്ക് തിരുത്തി 5,000 രൂപയുടെ നോട്ടുകള്‍ മാത്രമാണു മാറി നല്‍കിയത്.

ആയിരം രൂപ മൂല്യമുള്ള പത്തിന്റെ നോട്ടുകളാണ് ഉപയോഗിക്കാന്‍ കഴിയാത്ത വിധമുള്ളത്. കേടുപാടുകളുള്ള നോട്ടുകള്‍ വെള്ളപേപ്പര്‍ ഒട്ടിച്ച നിലയിലും മറ്റുചിലതില്‍ സെല്ലോടേപ്പ് ഒട്ടിച്ച നിലയിലും മറ്റുള്ളവ ദ്രവിച്ച നിലയിലുമാണ്. കേടുപാടുകള്‍ മാറിക്കിട്ടാനായി ബാങ്കില്‍ ഏല്‍പ്പിച്ചിരുന്ന നോട്ടുകളാണോ ഇതെന്നു സംശയിക്കുന്നു. കായംകുളം ബ്രാഞ്ചിന്റെ സ്ലിപ്പാണു നോട്ടിലുള്ളത്. ഇനി ഈ നോട്ടുകള്‍ മണിക്കൂറികളോളം ക്യൂനിന്നു മാറിയെടുക്കേണ്ടി വരുമോയെന്ന അങ്കലാപ്പിലാണ് ശ്രീകുമാര്‍. ഉപയോഗശൂന്യമായി വിപണിയില്‍നിന്നു പിന്‍വലിച്ചു സൂക്ഷിച്ചിരുന്ന നോട്ടുകള്‍ കറന്‍സിക്ഷാമം മൂലം വീണ്ടും വിതരണംചെയ്തു തുടങ്ങിയെന്നു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Related posts