മുക്കം: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു ഭാഗത്തും പി.കെ. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും കാനം രാജേന്ദ്രനും എം.പി. വീരേന്ദ്രകുമാറും മറുഭാഗത്തും അല്ലങ്കിൽ കോൺഗ്രസ് ഒരു പക്ഷത്തും സി പിഎം, ലീഗ്, സിപിഐ ,സോഷ്യലിസ്റ്റ് പാർട്ടികളെല്ലാം മറുപക്ഷത്തും നിൽക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഇപ്പോൾ ഒരു പക്ഷെ ആലോചിച്ചാൽ അല്പം തമാശയായി നമുക്ക് തോന്നാം.
എന്നാൽ ഈ പാർട്ടികളുടെ പഴയ നേതാക്കൾ ഒരുമിച്ചുനിന്ന് ഭരണം നടത്തിയ ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. 1967 ലെ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്ത കക്ഷി മന്ത്രിസഭ. മുസ്ലിം ലീഗ്, സിപിഎം, സിപിഐ, സോഷ്യലിസ്റ്റ് പാർട്ടികളെ കൂടാതെ ആർഎസ്പി, കെഎസ്പി, കെടിസി പാർട്ടികളും ചേർന്ന ഭരണമായിരുന്നു അന്ന്.
അക്കാലത്ത് ലീഗിലെയും ഇടത് പാർട്ടികളിലെയും പ്രമുഖ നേതാക്കൾ മുസ്ലിം ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുന്നതായും പങ്കെടുക്കണമെന്ന് അഭ്യർഥിച്ചും നൽകിയ ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ. 1967 ജനുവരി 15 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് നടന്ന കൊയിലാണ്ടി താലൂക്ക് ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചു കൊണ്ടുള്ള കത്താണ് വൈറലാവുന്നത്.
കൊയിലാണ്ടി സീതി സാഹിബ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഇബ്രാഹിം സുലൈമാൻ സേഠ്, അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, മുഹമ്മദ് റാസ ഖാൻ, സി.എച്ച്. മുഹമ്മദ് കോയ, കെ.സി. അബൂബക്കർ മൗലവി എന്നീ ലീഗ് നേതാക്കളും ഇ.എം.എസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, അരങ്ങിൽ ശ്രീധരൻ തുടങ്ങിയവരുമായിരുന്നു.
സമ്മേളനം വിജയിപ്പിക്കുന്നതിനായി ബസും ജാഥകളും സംഘടിപ്പിക്കണമെന്ന അഭ്യർഥനയോടെയാണ് കത്ത് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പു കാ ലത്ത് പുതിയതലമുറയ്ക്ക് കൗതുകകരമായ ഈ നോട്ടീസിന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് ലഭിക്കുന്നത്.