ഒറ്റപ്പാലം: വാർധക്യത്തിന്റെ അവശതയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി കോടതിയെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നു.കഴിഞ്ഞ രണ്ടുവർഷത്തിനിടെ 524 പരാതികളാണ് ജില്ലയിലെ രണ്ട് മെയിന്റനൻസ് ട്രിബ്യൂണലുകളിലെത്തിയത്.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്യാതിരിക്കുക, സ്വത്തും സന്പത്തും തട്ടിയെടുത്ത് ഉപേക്ഷിക്കുക തുടങ്ങിയ പരാതികളാണ് കോടതികളിലെത്തിയത്.ഒറ്റപ്പാലം റവന്യു ഡിവിഷനു കീഴിലെ മെയിന്റനൻസ് ട്രിബ്യൂണലിലാണ് കൂടുതൽ പരാതികളും എത്തിയിട്ടുള്ളത്.
രണ്ട് വർഷത്തിനിടെ 284 പരാതികളാണ് ഒറ്റപ്പാലത്തെത്തിയത്. പാലക്കാട്ടെ മെയിന്റനൻസ് ട്രിബ്യൂണലിൽ 240 പരാതികളും എത്തിയതായാണ് സാമൂഹ്യനീതിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 57 എണ്ണം ട്രിബ്യൂണൽതന്നെ നിയോഗിച്ച അനുരഞ്ജന സമിതികൾ (കണ്സീലിയേഷൻ പാനൽ) തന്നെ പരിഹരിച്ചു.
അഭിപ്രായവ്യത്യാസങ്ങളിൽ ഉടലെടുക്കുന്ന പരാതികളും, സംരക്ഷിച്ചുകൊള്ളാമെന്നു മക്കൾ സമ്മതിക്കുന്ന പരാതികളുമാണ് ട്രിബ്യൂണലിന്റെ പരിഗണനയ്ക്കു വരാതെതന്നെ അനുരഞ്ജനസമിതി പരിഹരിച്ചത്. 118 പരാതികൾ കഴന്പില്ലെന്നു കണ്ട് കോടതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന 2007-ലെ നിയമപ്രകാരമാണ് പരാതികളിൽ നടപടി സ്വീകരിക്കുന്നത്.സ്വത്ത് സ്വന്തമാക്കിയശേഷം മാതാപിതാക്കളെ ഉപേക്ഷിച്ചവരിൽനിന്ന് സ്വത്ത് തിരിച്ചെടുക്കാനുള്ള നിയമം ആദ്യമായി നടപ്പാക്കിയ ജില്ലയാണ് പാലക്കാട്.
അതേസമയം വയോധികരിൽ പലരും ലഭിച്ചുകൊണ്ടിരിക്കുന്ന നിയമ സഹായം തിരിച്ചറിയാതെ പോകുന്നുമുണ്ട്. മക്കളുടെയും അവരുടെ ഭാര്യമാരുടെയും കൊടിയ പീഡനങ്ങൾ പലതും പുറംലോകം അറിയാതെ പോവുകയാണ്.
പ്രായമായവരെ വീടുകളുടെ ടെറസിനു മുകളിൽ പാർപ്പിക്കുന്ന സംഭവങ്ങളും നടന്നുവരുന്നുണ്ട്. പലപ്പോഴും അയൽവാസികളും മറ്റും പരാതിപ്പെടുന്പോൾമാത്രമാണ് സംഭവം പുറംലോകം അറിയുന്നത്. വീടുകൾക്കുള്ളിൽ ശാരീരിക മാനസിക പീഡനങ്ങൾ സഹിച്ചു കഴിയുന്ന നിരവധി വന്ദ്യവയോധികരുണ്ട്.