ഭയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് കേരളവുമെത്തുന്നു. സംസ്ഥാനത്ത് യുവജനങ്ങളുടെ എണ്ണം കുറയുകയും 60നു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍.
ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
2021ലെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 16.5% പേര് 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോള്‍ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്.
80കളിലും 90കളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ല്‍ 4.6 ലക്ഷം ആയി കുറഞ്ഞു.
2031 ആകുമ്പോള്‍ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു സ്കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടി പ്രതിവര്‍ഷം സര്‍ക്കാര്‍ മുടക്കുന്നത് 50,000 രൂപയാണെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നു.
വലിയ നിക്ഷേപം നടത്തി സര്‍ക്കാര്‍ വളര്‍ത്തിയെടുക്കുന്ന യുവാക്കളെ പരമാവധി നാട്ടില്‍ നിലനിര്‍ത്താനും തൊഴില്‍ നല്‍കാനും കഴിയണം. അതിനു വേണ്ടതു ചെയ്യുമെന്ന് ബാലഗോപാല്‍ അറിയിച്ചു.