പാലക്കാട്: ഒരു കോടിരൂപയുടെ നിരോധിച്ച 500, 1000 കറൻസി നോട്ടുകളുമായി പിടിയിലായ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ യുള്ള പത്തുപേരെ ടൗണ്‍ നോർത്ത് പോലീസ് ക്രൈം സക്വാഡ് പിടികൂടി റിമാൻഡ് ചെയ്തു. തൃശൂർ, ഇരിങ്ങാലക്കുട സ്വദേശി സിജോ(37), പാവറട്ടി സ്വദേശി പ്രസാദ് (42), കുട്ടനെല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ(47), അത്താണി സ്വദേശി മണി(54), പാലക്കാട്, കൊഴിഞ്ഞാന്പാറ സ്വദേശികളായ സക്കീർ(30), ബാലസുബ്രഹ്മണ്യം (25), കോയന്പത്തൂർ സ്വദേശികളായ മനോജ് കുമാർ(37), അബ്ബാസ് (37), സന്തോഷ്കുമാർ (28). യാസർ(30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കെതിരെ ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടിനു പകരം 18 ലക്ഷം രൂപയുടെ പുതിയ നോട്ടാണ് നൽകുന്നതത്രെ. ഇടപാടുകാരുടെ വേഷത്തിൽ പോലീസ് വേഷം മാറിച്ചെന്നാണ് സംഘത്തെ വലയിലാക്കിയത്. ഈ മാസം 20-ാം തീയതി വരെ രജിസ്റ്റേഡ് കന്പനികളുടെ അക്കൗണ്ടുകൾ മുഖാന്തിരം പണം മാറ്റിയെടുക്കാൻ സാധ്യമാണ്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതെന്നു പോലീസ് പറഞ്ഞു.
പാലക്കാട് ടൗണ്‍ റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ട്രാവലർ ബാഗുകളിലായിട്ടാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്. സംഘത്തിലെ പ്രസാദ് കള്ളനോട്ടുകേസിലെ പ്രതിയായിരുന്നു. കഴിഞ്ഞമാസം ഒരു കോടിയുടെ നിരോധിച്ച നോട്ടുമായി മൂന്ന് മലപ്പുറം ജില്ലക്കാരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസുമായി ഇവർക്കു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേ ധാവി പ്രതീഷ് കുമാറിന്റെ നിർദേശാനുസരണം, എഎസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ നോർത്ത് സിഐ ആർ.ശിവശങ്കരൻ , എസ്.ഐ ആർ. രഞ്ജിത്, ജൂനിയർ എസ് ഐ പ്രദീപ് കുമാർ, ക്രൈം സ് ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, മനീഷ്, മണികണ്ഠൻ, ആർ. രാജീദ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റ ഡിയിൽ വാങ്ങും.