സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: മഹാരാഷ്ട്രയിലെ വാർധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയത്തിലെ മുൻ വൈസ് ചാൻസിലർ പ്രഫ. ജി. ഗോപിനാഥൻ ബാലരാമപുരത്തെ തന്റെ മാതൃവിദ്യാലയത്തിൽ ഇന്നലെ എത്തിയത് അതിഥിയായല്ല. അറിവിന്റെ അഗ്നി ഉള്ളിൽ ജ്വലിപ്പിച്ച ബാലരാമപുരം ഹൈസ്കൂളിൽ പഴയ വിദ്യാർഥിയുടെ അതേ ലാളിത്യത്തോടെയും വിനയത്തോടെയുമായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. സ്കൂൾ കാലഘട്ടത്തിലെ പ്രിയപ്പെട്ട സതീർഥ്യനെ ആകസ്മികമായി കണ്ടുമുട്ടിയപ്പോൾ പരസ്പരം പങ്കുവയ്ക്കാൻ വിശേഷങ്ങളും അനേകം.
ബാലരാമപുരം ഹൈസ്കൂളിലെ പ്രഗത്ഭരായ പൂർവ വിദ്യാർഥികളുടെ ശ്രേണിയിലെ ശ്രദ്ധേയ വ്യക്തിത്വമാണ് ഭാഷാവിശാരദനും പണ്ഡിതനും സാഹിത്യകാരനുമായ പ്രഫ. ജി. ഗോപിനാഥൻ. ഭാരതത്തിന് സ്വാതന്ത്ര്യം പ്രാപ്തമാകുന്പോൾ അദ്ദേഹത്തിന് നാല് വയസാണ് പ്രായം. ബാലരാമപുരം ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1962 -ൽ കേരള സർവകലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ഹിന്ദിയിൽ ബിരുദം നേടി. അലിഗർ മുസ് ലിം യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി ഒന്നാം റാങ്കോടെ പാസ്സായി.
ലാൽ ബഹാദൂർ ശാസ്ത്രി സ്വർണ മെഡലിന് അർഹനായി. അതേ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി, ജബൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡി ലിറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും റഷ്യൻ ഭാഷയിൽ ഡിപ്ലോമ എന്നിവ സന്പാദിച്ച അദ്ദേഹം മാതൃഭാഷയായ മലയാളത്തിലും രാഷ്ട്രഭാഷയായ ഹിന്ദിയിലും മാത്രമല്ല, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, റഷ്യൻ, ഡച്ച്, പോളിഷ്, ഫ്രഞ്ച്, ഫിന്നിഷ് എന്നീ ഭാഷകളിലും നിപുണനാണ്. 38 വർഷത്തെ ഗവേഷണ പരിചയമുണ്ട്. കേരളത്തിലെ എസ്.എൻ കോളേജുകളിലും അലിഗർ മുസ്ലീം സർവകലാശാലയിലും കൊച്ചി സർവകലാശാലയിലും ലക്ചററായി സേവനം അനുഷ്ഠിച്ചു. ഐസിസിആർ പ്രോഗ്രാം പ്രകാരം പോളണ്ടിലെ വാഴ്സാ സർവകലാശാലയിലും ഹെൽസിങ്കി സർവകലാശാലയിലും ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് പാരിസ് സോർബോണ് സർവകലാശാലയിലും വിസിറ്റിംഗ് പ്രഫസറായി
. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 20 വർഷത്തോളം പ്രഫസറായും ആറു വർഷം റീഡറായും 1994 മുതൽ 2003 വരെ ഹിന്ദി വകുപ്പ് മേധാവിയായും പ്രവർത്തിച്ചു. അലഹാബാദ് ഹിന്ദി സാഹിത്യ സമ്മേളന്റെ സാഹിത്യ വാചസ്പതി, ദേവ്ഗർ പുസ്തക മേളാ സമിതിയുടെ ഭാഷാ സേതു സമ്മാൻ, പാറ്റ്ന ബിഹാർ രാഷ്ട്രഭാഷാ പരിഷത്തിന്റെ സാഹിത്യ സാധന സമ്മാൻ, നജീബാബാദ് ഇന്റർനാഷണൽ ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ കുസും അഹിന്ദി ഭാഷി ഹിന്ദി സമ്മാൻ, യുപി ഗവണ്മെന്റിന്റെ സൗഹൃദ സമ്മാൻ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഭാഷയോടുള്ള പ്രഫ. ജി. ഗോപിനാഥന്റെ സമർപ്പണ ജീവിതത്തിന് ലഭിച്ച വിശിഷ്ട അംഗീകാരങ്ങൾ. ദക്ഷിണ കൊറിയ, തായ്ലണ്ട്, ഹംഗറി, അമേരിക്ക, ബ്രസീൽ, ഓസ്ട്രേലിയ, യുകെ, ഫിൻലാൻഡ്, ലാത്വിയ, എസ്റ്റോണിയ, ജർമനി, നേപ്പാൾ, ജപ്പാൻ, ഫ്രാൻസ്, പോളണ്ട്, നെതർലണ്ട്സ്, റഷ്യ മുതലായ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ ശിൽപ്പശാലകളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ജാദവ്പൂർ ഇൻഡ്യൻ കംപാരറ്റീവ് ലിറ്ററേച്വർ അസോസിയേഷൻ, ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ, അലഹാബാദ് ഭാരതീയ ഹിന്ദി പരിഷദ്, പൂനെ ലിംഗ്വിസ്റ്റിക് സൊസൈറ്റി, ന്യൂഡൽഹി ഭാരതീയ അനുവാദ് പരിഷദ്, ന്യൂഡൽഹി ഇൻഡ്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ സംരംഭങ്ങളിൽ ആജീവനാന്ത അംഗമാണ് ഗോപിനാഥൻ. കാലിക്കറ്റ് സർവകലാശാലയിലെ ട്രാൻസ്ലേറ്റേഴ്സ് ഫോറം സ്ഥാപക ചെയർമാൻ കൂടിയാണ്. കാലിക്കറ്റ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഹിന്ദി വകുപ്പിൽ റീഡറായ ഡോ. കെ.എം മാലതിയാണ് പ്രഫ. ഗോപിനാഥന്റെ പത്നി. രണ്ടു മക്കൾ- വീതരാഗ്, അപർണ.
കോഴിക്കോട് കാക്കാഞ്ചേരിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇദ്ദേഹം ബാലരാമപുരം ഹൈസ്കൂളിന്റെ 99- ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ പങ്കെടുക്കാനാണ് ഇന്നലെ സ്കൂളിൽ എത്തിയത്. സഹപാഠിയും ഇതേ സ്കൂളിൽ അധ്യാപകനുമായിരുന്ന ഷഹാബുദ്ദിനെ നേരിൽ കണ്ടപ്പോൾ പഴയ വിദ്യാലയ വിശേഷങ്ങളും പങ്കുവച്ചു. ഭാഷയെ സ്നേഹിക്കാൻ കുട്ടികളോട് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.
പൊതുസമ്മേളനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ തന്പാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ബി. നാഗേന്ദ്രൻ അധ്യക്ഷനായിരുന്ന യോഗത്തിൽ മാനേജർ ആർ. ചന്ദ്രബാബു, റിട്ട. ഡിവൈഎസ്പി കരുമം രാധാകൃഷ്ണൻനായർ, മുൻ അധ്യാപകൻ എ. ഷഹാബുദ്ദീൻ, ഹെഡ്മിസ്ട്രസ് എൻ.എസ് ബെറ്റി, സ്റ്റാഫ് സെക്രട്ടറി എസ്. ചന്ദ്രകുമാർ, പിടിഎ സെക്രട്ടറി എൻ.സി പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
ഈ സ്കൂളിലെ പൂർവ വിദ്യാർഥിയും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള വജ്രമുദ്ര പുരസ്കാരം നേടിയ സംവിധായകനുമായ ഗിരീഷ് പരുത്തിമഠത്തിനെ യോഗത്തിൽ ആദരിച്ചു. സിനി ആർട്ടിസ്റ്റ് സ്വസ്തിക ബി. മനോജ് കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.