കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇപ്പോള്‍ അധികം സിനിമത്തിരക്കുകളില്ലെങ്കിലും ബോളിവുഡ് സങ്കര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗമാണ് ഇപ്പോള്‍ രാജ്യത്തെത്തന്നെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന്.
ഇതുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കവെ (എന്‍സിബി) താന്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട് പറയുന്ന പഴയ വീഡിയോ പുറത്തു വന്നത് സംഭവങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
കങ്കണ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ കൗമാരത്തില്‍ വീട്ടില്‍ നിന്ന് ഓടിപ്പോയതായും ബോളിവുഡ് താരപദവിയിലേക്കുള്ള യാത്രക്കിടെ ലഹരിമരുന്നിന് അടിമയായിരുന്നതായും പറയുന്നു.
മാര്‍ച്ചില്‍, നവരാത്രിയുടെ അഞ്ചാം ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് പങ്കുവച്ച വിഡിയോയില്‍ വിരസത, അസ്വസ്ഥത, വിഷാദം, കരച്ചില്‍ എന്നിവ തോന്നുന്നുണ്ടോ എന്നു ചോദിക്കുകയും, ഇതൊരു നല്ല കാര്യമാണെന്നും അത് ക്രിയാത്മക വീക്ഷണത്തോടെ നോക്കേണ്ടതുണ്ടെന്നും പറയുന്നു.
‘കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാതാരമായി. ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാന്‍ തെറ്റായ ആളുകളുടെ കൈകളില്‍ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാന്‍ കൗമാരത്തിലായിരുന്നപ്പോഴാണ്.’ വിഡിയോയില്‍ പറയുന്നു.
ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഫെഡറല്‍ ഏജന്‍സിയുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു.
ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് തയ്യാറാണെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം, കങ്കണയുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് മുംബൈ പൊലീസിന്റെ ആന്റി-നാര്‍ക്കോട്ടിക്‌സ് സെല്‍ വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചു.
2016ല്‍ ഒരു അഭിമുഖത്തില്‍ കങ്കണയുടെ കാമുകന്‍ അധ്യായന്‍ സുമന്‍, നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും, കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും ചൂണ്ടിക്കാണിച്ചിരുന്നു. നടി റിയ ചക്രബോര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ബോളിവുഡിലെ നിരവധി താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് അവര്‍ ആരോപിച്ചിരുന്നു.