മണിമല: കോട്ടയം മണിമലയിൽ വീടിനു തീപിടിച്ചു വയോധിക വെന്തുമരിക്കാനിടയായതു രക്ഷാപ്രവർത്തനം വൈകിയതുകൊണ്ടാണെന്ന് റിപ്പോർട്ട്.
ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കതകും പ്രായാധിക്യവും താഴത്തെനിലയില്‍ കഴിഞ്ഞിരുന്നവരെ പുറത്തെത്തിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിട്ടു.
ഗൃഹപ്രവേശനം കഴിഞ്ഞ് ഏതാനും നാളുകള്‍ മാത്രമായ വീടാണ് ഇന്നലെ രാത്രി കത്തിയമര്‍ന്നത്.വീടിന്റെ താഴത്തെ നിലയിലെ കതകിന്റെ വാതിലുകള്‍ പുതിയ സംവിധാനത്തോടെയുള്ള ലോക്കുകളാണു സ്ഥാപിച്ചത്.
തീപടര്‍ന്നതോടെ മുറിക്കുള്ളില്‍ പുക നിറഞ്ഞു. വാതിലിന്റെ ലോക്ക് തുറക്കാന്‍ താഴത്തെ നിലയില്‍ താമസിച്ചിരുന്ന പ്രായമായവർക്കു സാധിച്ചില്ല. പുറത്തുനിന്നു നാട്ടുകാര്‍ക്കും പെട്ടെന്നു ഡോര്‍ തുറക്കാന്‍ സാധിച്ചില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന വീട്ടമ്മ രാജം വീല്‍ചെയറിന്റെ സഹായത്താലാണു കഴിയുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
വീടിന്റെ താഴത്തെ നിലയില്‍ ഗൃഹനാഥനും ഭാര്യയും മുകളിലത്തെ നിലയില്‍ മകനും ഭാര്യയും രണ്ടു മക്കളും കിടന്നിരുന്നത്. നിരവധി എയര്‍കണ്ടീഷന്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടില്‍ അപകട സമയം ഒന്നിലധികം എസി പ്രവര്‍ത്തിച്ചിരുന്നു.
വീടിനുള്ളില്‍ നിരവധി ഇലക്ട്രിക് ലാംബുകളും പ്രവര്‍ത്തിച്ചിരുന്നു.ഭിത്തിയിലും സീലിംഗിലും ചെറിയ പ്രകാശത്തോടെ സ്ഥാപിക്കുന്ന ലൈറ്റുകളുമുണ്ടായിരുന്നു.
ഇവയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടുത്തത്തിനു കാരണമെന്നു പ്രഥാമിക നിഗമനം. പൂർണമായും തടിയിൽ നിര്‍മിച്ച ഇന്റീരിയർ വര്‍ക്കുകള്‍ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
താഴത്തെ നില പൂര്‍ണമായും കത്തിയമര്‍ന്നു.വീടിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളില്‍നിന്നു പുറത്തേക്കു ചാടിയാണു മകന് രക്ഷപ്പെട്ടത്.
തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ ഏണി വച്ച് മുകളില്‍ കയറിയാണു ഭാര്യയെയും മക്കളെയും രക്ഷപ്പെടുത്തിയത്.