കൊച്ചി: വീടിനോട് ചേര്‍ന്നുള്ള കടയില്‍ വൃദ്ധയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. നെട്ടൂര്‍ പുത്തന്‍വീട്ടില്‍ മോളി ആന്റണി(60)യെയാണ് ഗുരുതരാവസ്ഥയില്‍ മരട് പോലീസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്നു മാസം മുമ്പാണ് സോഡിയം കുറയുന്നത് ഉള്‍പ്പെടെയുള്ള രോഗാവസ്ഥയെ തുടര്‍ന്ന് മോളിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിനുശേഷം ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി മരട് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ 12.30 ന് നെട്ടൂര്‍ ശിവക്ഷേത്രത്തിനു വടക്കുവശത്തായിരുന്നു സംഭവം. കടയോടു ചേര്‍ന്നുള്ള പഴയ വീട്ടില്‍നിന്ന് അടുത്തിടെയാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം മോളിയും മകനും കുടുംബവും കടയ്ക്ക് സമീപത്തു തന്നെ പുതിയതായി നിര്‍മിച്ച വീട്ടിലാണ് ഉറങ്ങാന്‍ കിടന്നത്.
ഇതിനിടയ്ക്ക് ആ പ്രദേശത്ത് രണ്ടു തവണ കറന്റു പോകുകയുണ്ടായി. മകന് പുലര്‍ച്ചെ ഉണര്‍ന്നു നോക്കിയപ്പോള്‍ കടയില്‍ നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്തുളളവരെ കൂട്ടി അവിടെ പരിശോധന നടത്തുമ്പോഴാണ് മോളി കടമുറിക്കുള്ളില്‍ ഉണ്ടെന്ന് മനസിലായത്.
ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന മരട് പോലീസും സ്ഥലത്തെത്തി. പോലീസ് ജീപ്പില്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തൃപ്പൂണിത്തുറയില്‍നിന്നും ഗാന്ധിനഗറില്‍നിന്നും രണ്ടു ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.