അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് എഡി സെക്കരെല്ലി. 1908 ഫെബ്രുവരി അഞ്ചിന് ജനിച്ച എഡി മുത്തശിയുടെ 116-ാം പിറന്നാളാഘോഷം കാലിഫോർണിയയിലെ വില്ലിറ്റ്സ് നഗരത്തിനു മറക്കാനാവാത്ത അനുഭവമായി.
കനത്ത ശീതക്കാറ്റിനെ വകവയ്ക്കാതെ നഗരനിവാസികളൊന്നാകെ ആഘോഷത്തിന് ഒത്തുകൂടി. നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച വാഹനങ്ങൾ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. കലാകാരന്മാരുടെ സംഗീതവിരുന്നും ഒരുക്കി.
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്നതിനു പുറമെ ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി എന്ന ബഹുമതിക്കും അർഹയാണ് എഡി. വിവാഹിതയായ എഡിക്ക് ഒരു മകളുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെയും ഡിമെൻഷ്യയുടെയും വേദനകൾ അഭിമുഖീകരിക്കുമ്പോഴും എഡി സന്തോഷവതിയാണ്.
104-ാം വയസിൽ നൃത്തം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രാദേശിക പത്രത്തിലൂടെ അവർ ഒരു നൃത്ത പങ്കാളിയെ തേടിയിരുന്നു. ദീർഘായുസിന്റെയും സന്തോഷകരമായ ജീവിതത്തിന്റെയും രഹസ്യമെന്തെന്നു ചോദിച്ചപ്പോൾ സ്വാഭാവികനർമത്തിൽ “റെഡ് വൈൻ’ എന്നാണു മുത്തശി പറഞ്ഞത്. വില്ലിറ്റ്സ് നഗരത്തിലെ ഹോളി സ്പിരിറ്റ് റെസിഡൻഷൽ കെയർ ഹോമിലാണ് മുത്തശിയുടെ ഇപ്പോഴത്തെ താമസം.