നെടുങ്കണ്ടം: കിടപ്പുരോഗിയായ വയോധികയെ ആശുപത്രിയിൽ എത്തിച്ച് നെടുങ്കണ്ടം പോലീസ്. പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന വയോധികയെയാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
65കാരിയായ ഭാര്യയും 75 വയസുള്ള ഭർത്താവും ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം. കിഡ്നി രോഗിയായ ഭാര്യ പൂർണമായും കിടപ്പിലായതോടെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.
ഇടയ്ക്ക് വീട്ടിലെത്തി ഇവർ അമ്മയെ പരിചരിക്കാറുണ്ടെങ്കിലും കൂടുതൽ കരുതൽ ആവശ്യമുള്ളതിനാൽ വാർഡ് മെംബർ മിനി മനോജ് നെടുങ്കണ്ടം പോലീസിന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് നെടുങ്കണ്ടം എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി. തുടർന്ന് മക്കളുടെയും ഭർത്താവിന്റെയും അനുമതിയോടെ വയോധികയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പോലീസും നാട്ടുകാരും ചേർന്ന് നടപ്പുവഴി മാത്രമുള്ള ചെങ്കുത്തായ 700 മീറ്ററോളം ദൂരം ചുമന്നാണ് 140 കിലോയോളം ഭാരമുള്ള ഇവരെ റോഡിൽ എത്തിച്ചത്.
ചികിത്സയ്ക്കുശേഷം കട്ടപ്പന പ്രതീക്ഷാഭവനിലേക്ക് വയോധികയെ മാറ്റും. എസ്ഐ കെ.കെ. സജീവൻ, സിപിഒമാരായ രഞ്ജു, ശരത്, പ്രവീൺ, അൻഷാജ്, ഹരിപ്രിയ, പ്രബീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.