തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ വയോധികയെ തീകത്തി മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാറ കാറ്റാടി സ്വദേശി നളിനി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മോസസ് ബിബിനെ(37) പൊലീസ് കസ്റ്റഡിയിലെടുത്തു.
നളിനിയുടെ ഭർത്താവ് പൊന്നുമണി ഒമ്പത് വർഷം മുമ്പ് മരിച്ചിരുന്നു. മകൻ മോസസിനും ഇയാളുടെ ഭാര്യയ്ക്കും ഒപ്പമാണ് നളിനി താമസിച്ചിരുന്നത്. മോസസ് പീഡനകേസില്‍ അറസ്റ്റിലയതോടെ ഭാര്യ പിണങ്ങി താസിക്കുകയായിരുന്നു.
നളിനിയുടെ ഇളയ മകൻ ജെയിൻ ജേക്കബ് ഇന്ന് അമ്മയ്ക്ക് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോഴാണ് വീട്ടിനുള്ളിൽ നിന്ന് തീ പടരുന്നത് കണ്ടത്. എന്നാൽ മോസസ് വീട്ടിനുള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല.
പിന്നാലെ വെള്ളറട പൊലീസിന്റെ നേതൃത്വത്തിൽ തീയണച്ചശേഷം മോസസ് ബിബിനെ കസ്റ്റഡിയിലെടുത്തു. നളിനിയുടെ ഇരുകാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകൾ ഒഴികെ പൂർണമായും കത്തിയ നിലയിലാണ്.