കോഴിക്കോട് മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍ കൊടും ക്രിമിനലെന്ന് പോലീസ്. സമാന രീതിയിലുള്ള പതിനഞ്ചിലധികം കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലഹരി വില്‍പ്പനയിലും ഇയാള്‍ സജീവമാണെന്ന് പോലീസ് വ്യക്തമാക്കി.
കവര്‍ച്ചയിലൂടെ ലഭിക്കുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുമുള്‍പ്പെടെ വാങ്ങാന്‍ പതിവ് ഇടപാടുകാരുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ആക്രമണത്തിനുശേഷം മുജീബ് ചേവരമ്പലത്തെ വീട്ടിലെത്തി. പോലീസ് പിന്തുടരുന്നില്ലെന്ന് ഉറപ്പിച്ചു രണ്ട് ദിവസം വീട്ടില്‍ തങ്ങി. പിന്നീടു മലപ്പുറത്തേക്കു മുങ്ങി. പലയിടങ്ങളിലായി ഒളിച്ചുതാമസിച്ചു.
തനിക്കെതിരെ അന്വേഷണമില്ലെന്നു കരുതി നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഓമശ്ശേരിയില്‍ വച്ച് പോലീസ് പിടികൂടിയത്. കവര്‍ച്ച നടത്തുന്ന ഓട്ടോയിലാണു പലപ്പോഴും സഞ്ചാരം. ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ വാഹനം ഉപേക്ഷിക്കുന്നതാണു രീതി.
പോലീസ് പിടിയിലാകാതിരിക്കാന്‍ കൃത്യമായ സുരക്ഷയോടെയാണു മുജീബിന്റെ നീക്കങ്ങള്‍. ആക്രമണ സമയം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കും.
സുരക്ഷിത സ്ഥാനത്തെത്തി എന്നു തോന്നിയാല്‍ മാത്രം മൊബൈല്‍ വീണ്ടും ഓണ്‍ ചെയ്യുകയുള്ളൂ. എല്ലാത്തരം കുറ്റകൃത്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. കഞ്ചാവ് വില്‍പ്പനയിലൂടെ ഇയാള്‍ വളരെയധികം പണം സമ്പാദിച്ചിട്ടുണ്ട്.
ഈ മാസം 12ന് പൂളപ്പൊയിലില്‍നിന്ന് 10 കിലോ കഞ്ചാവുമായി മുക്കം പൊലീസിന്റെ പിടിയിലായ സഹോദരനും സഹോദരിക്കും മുജീബുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
നിലവില്‍ 16 കേസുകളില്‍ മുജീബ് പ്രതിയാണ്. തെളിയാത്ത അഞ്ച് കേസുകളില്‍ കൂടി മുജീബിന്റെ പങ്കുണ്ടെന്നാണു ചോദ്യം ചെയ്യലില്‍ വ്യക്തമായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 12 അംഗ സംഘം അഞ്ച് ജില്ലകളിലായി നടത്തിയ 10 ദിവസത്തെ അന്വേഷണമാണു കേസിനു തുമ്പുണ്ടാക്കിയത്.