ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വൃദ്ധരായ മാതാപിതാക്കൾ കഴിഞ്ഞത് ദിവസങ്ങളോളം. ഹൈബദരാബാദിലെ ബ്ലൈൻഡ്സ് കോളനിയിലാണു സംഭവം. പ്രായമായ കാഴ്ച വൈകല്യമുള്ള ദമ്പതികളാണ് മുപ്പതുകാരനായ മകൻ പ്രമോദ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം നാലു ദിവസം കഴിഞ്ഞത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്.
റിട്ടയേർഡ് സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും ഇളയ മകൻ പ്രമോദിനൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന പ്രമോദിനെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. വീട്ടിലെത്തിയപ്പോൾ രമണയും ശാന്തികുമാരിയും അബോധാവസ്ഥയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർക്ക് പിന്നീട് ഭക്ഷണവും വെള്ളവും നൽകി. സംഭവമറിഞ്ഞ് ഇവരുടെ മൂത്ത മകൻ സ്ഥലത്തെത്തി. ഇയാളുടെ സംരക്ഷണയിലാണ് ഇപ്പോൾ വയോധികർ. നാലോ അഞ്ചോ ദിവസം മുമ്പ് പ്രമോദ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണു പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.