കടുത്തുരുത്തി: നിര്‍മാണം പൂര്‍ത്തിയായ കാരിക്കോട്ടെ സര്‍ക്കാര്‍ വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതു വൈകുന്നു. കെട്ടിടത്തിന് ലിഫ്റ്റില്ലാത്തതാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നത്. സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോടാണു വൃദ്ധസദനം.
ജില്ലയില്‍ നിലവിലുള്ള സര്‍ക്കാര്‍ വൃദ്ധസദനത്തിനു പരിമിതമായ സൗകര്യങ്ങള്‍ മാത്രമെയുള്ളൂ. സ്ഥല സൗകര്യത്തിന്റെ പരിമിതി മൂലം 50 പേരെ പ്രവേശിപ്പിക്കേണ്ട സ്ഥാപനത്തില്‍ 25 പേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. ഇതാണ് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മുളക്കുളം വൃദ്ധസദനം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
വൃദ്ധസദനം കൂടുതല്‍ വയോജന സൗഹൃദമാക്കിയാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. 2013 കാലഘട്ടത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു ഡോ. എം.കെ. മുനീര്‍ അനുമതി നല്കിയ ഒരു കോടി രൂപ പ്രയോജനപ്പെടുത്തിയാണ് കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. മുളക്കുളം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിനു കൈമാറിയ സ്ഥലത്താണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മാണം ആരംഭിച്ച വൃദ്ധസദനത്തിന്റെ കെട്ടിടമാണ് മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായത്. ഇതുമായി ബന്ധപെട്ട് പലതവണ വിവാദങ്ങള്‍ ഉണ്ടാവുകയും വര്‍ഷങ്ങളോളം തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് ഒരു കോടി രൂപ അനുവദിച്ചു കെട്ടിടത്തിന്റെ നിര്‍മാണം വീണ്ടും ആരംഭിച്ചു. പദ്ധതി ആരംഭിക്കുമ്പോള്‍ ഒമ്പത് ലക്ഷത്തോളം രൂപയായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണ ചിലവെങ്കിലും രണ്ട് പതിറ്റാണ്ടിനിടെ കോടികള്‍ ചിലവഴിച്ചിട്ടും ഇതു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.