തൃശൂർ: വായിക്കണമെന്ന് ഏറെ കൊതിച്ചിട്ടും വൻ വില കാരണം വാങ്ങാൻ കഴിയാതെ വേണ്ടെന്ന് വെച്ച പുസ്തകങ്ങളില്ലേ…ഈ മാസം 26 മുതൽ മാർച്ച് ഏഴുവരെ സാഹിത്യ അക്കാദമിയിൽ നടക്കുന്ന യൂസ്ഡ് ബുക്ക് ഫെസ്റ്റിവലിലേക്ക് വരൂ…ഒരുപക്ഷേ നിങ്ങളാഗ്രഹിച്ച ആ പുസ്തകം വളരെ വിലക്കുറവിൽ ഈ മേളയിൽ നിന്നും ലഭിച്ചേക്കാം.
പുസ്തകമേളകൾ ഒരുപാടു കണ്ട തൃശൂരിന് പുതുമയുള്ള അനുഭവമായിരിക്കും വായിച്ചുകഴിഞ്ഞ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ അഥവാ യൂസ്ഡ് ബുക്ക്സിന്റെ മേള. ന്റെ ബുക്ക് ഡോട്ട് കോം എന്ന ഓണ്‍ലൈൻ ഇ-സ്റ്റോറാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും യൂസ്ഡ് ബുക്ക് ഫെസ്റ്റിവൽ നടത്തിയതിന് ശേഷമാണ് ഇവർ തൃശൂരിലെത്തുന്നത്.
ബോക്സ് ചലഞ്ചാണ് പുസ്തകമേളയിലെ ആകർഷകമായ പദ്ധതി. ചെറുതും ഇടത്തരവും വലുതുമായ വ്യത്യസ്ത നിരക്കുകളിലുള്ള മൂന്നു പെട്ടികളിൽ നിറയ്ക്കുന്ന അത്രയും പുസ്തകങ്ങൾ വായനക്കാർക്ക് സ്വന്തമാക്കാവുന്ന അവസരമാണിത്.
സാഹിത്യ സംബന്ധിയായ പുസ്തകങ്ങളായിരിക്കും കൂടുതലെന്നും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസത്കങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ പുസ്തകങ്ങളും മലയാളം പുസ്തകങ്ങളും അന്‍പതുശതമാനം വിലക്കുറവിലുണ്ടാകും.
200 രൂപയ്ക്ക് 3 പുസ്തകങ്ങൾ 325 രൂപയ്ക്ക് 5 പുസ്തകങ്ങൾ എന്ന ഓഫറും ഇവിടുണ്ട്. ഫെസ്റ്റിനെത്തുന്ന എട്ടാം ക്ലാസിനു താഴെയുള്ള വിദ്യാർഥികൾക്ക് ഓരോ പുസ്തകം സൗജന്യമായും നൽകും.വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ വിൽക്കുന്നതിനും സൗകര്യമുണ്ടാകും. ഡിക്ഷനറികൾ, എൻസൈക്ലോപീഡിയകൾ എന്നിവയും വിൽപനക്കുണ്ടാകും.